തൃശൂർ: മാസങ്ങൾക്ക് മുൻപേ ത്രികാേണമത്സരത്തിന് കളമൊരുങ്ങിയ തൃശൂരിൽ, ടി.എൻ. പ്രതാപനു പകരം കെ. മുരളീധരനെ ഇറക്കി കോൺഗ്രസ് ഓളം തീർക്കുമ്പോൾ പ്രചാരണയോഗങ്ങളിൽ തീപ്പൊരി പാറുമെന്ന് ഉറപ്പായി. മൂന്നു മുന്നണികളിലെയും ദേശീയ നേതാക്കളുടെ നിര തന്നെ തൃശൂരിലെത്തുമെന്നാണ് വിവരം. ബി.ജെ.പിയിലേക്ക് ചേക്കേറിയ പത്മജ വേണുഗോപാൽ, സഹോദരനായ കെ. മുരളീധരനെതിരെ പ്രചാരണത്തിനെത്തിയാൽ അത് ദേശീയതലത്തിൽ തന്നെ ചർച്ചയാകും. പാർട്ടി ആവശ്യപ്പെട്ടാൽ സുരേഷ് ഗോപിക്കായി തൃശൂരിൽ വരാൻ തയ്യാറാണെന്ന് പത്മജ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷാ, ബി.ജെ.പി. ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി, സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങിയവർ തൃശൂരിൽ പ്രചാരണത്തിന് എത്തിയേക്കും.
വീണ്ടും ചർച്ചയായി ലീഡറുടെ തട്ടകം
കോൺഗ്രസ് വിട്ട് പദ്മജാ വേണുഗോപാൽ ബി.ജെ.പിയിൽ എത്തിയതിന്റെ പ്രതിസന്ധികൾ പെട്ടെന്ന് കെട്ടടങ്ങാൻ വേണ്ടിയായിരുന്നു കെ. മുരളീധരനെ കെ. കരുണാകരന്റെ തട്ടകമായിരുന്ന തൃശൂരിലെത്തിച്ചത്. അതോടെ പ്രവർത്തകരുടെ ആവേശം കോൺഗ്രസിന് ഊർജമായി. സ്ഥാനാർത്ഥിയായി പ്രചാരണം തുടങ്ങിയെങ്കിലും ടി.എൻ. പ്രതാപൻ, കെ. മുരളീധരന് അനുകൂല നിലപാടെടുത്തതും തുണച്ചു. നെഗറ്റീവ് വോട്ടുകൾ ഒഴിവാകുമെന്ന ആശ്വാസവും യു.ഡി.എഫ് ക്യാമ്പിനുണ്ട്. പത്മജ വിഷയം ചർച്ചയായതോടെ തൃശൂർ നഗരം കേന്ദ്രീകരിച്ചാണ് മൂന്നുമുന്നണികളുടേയും പ്രചാരണം കൊടുമ്പിരി കൊളളുന്നതും.
ആത്മവിശ്വാസത്തിൽ ഇടതുക്യാമ്പ്
തൃശൂരിന്റെ സ്വന്തം സ്ഥാനാർത്ഥിയെന്ന പ്രചാരണവുമായാണ് എൽ.ഡി.എഫ് പ്രചാരണവഴികളിൽ ആത്മവിശ്വാസം പങ്കുവയ്ക്കുന്നത്. ഗ്രൗണ്ട് സപ്പോർട്ട് വി.എസ്. സുനിൽകുമാറിന് കിട്ടുന്നതുപോലെ എതിരാളികൾക്ക് കിട്ടില്ലെന്ന വിശ്വാസമാണ് അവർക്കുളളത്. ടി.എൻ. പ്രതാപന് ലഭിക്കേണ്ട വോട്ടുകൾ സുനിൽകുമാറിനാകുമെന്ന പ്രതീക്ഷയും അവർക്കുണ്ട്. കോൺഗ്രസിന്റെ സ്ഥാനാർത്ഥി ആരായാലും പ്രശ്‌നമില്ലെന്ന് വി.എസ്. സുനിൽകുമാർ കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. കെ. മുരളീധരനായാലും പ്രതാപനായാലും രാഷ്ട്രീയപോരാട്ടം തന്നെയാണെന്നും അതിൽ ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ആലത്തൂരും ചാലക്കുടിയിലും പോര് മൂത്തു
ആലത്തൂരും ചാലക്കുടിയിലും കടുത്ത പോരാട്ടം തന്നെയാണ് നടക്കുന്നത്. മന്ത്രി കെ.രാധാകൃഷ്ണനും രമ്യ ഹരിദാസും പ്രചാരണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രൊഫ. സി. രവീന്ദ്രനാഥും ബെന്നി ബഹ്നനാനും ചാലക്കുടിയിൽ സജീവമായി.
സ്ഥാനാർത്ഥികളുടെ പ്രതിച്ഛായയാണ് ഇടതുമുന്നണിക്ക് ഈ രണ്ടു മണ്ഡലങ്ങളിലും തുണയാകുന്നത്. അതാണ് അവരുടെ ആത്മവിശ്വാസവും. അതുകൊണ്ടു തന്നെ കേരളരാഷ്ട്രീയം ഉറ്റുനോക്കുന്നതും ഈ മൂന്ന് മണ്ഡലങ്ങളിലേക്കാണ്.