1

തൃശൂർ: പാണഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് സ്വയംതൊഴിൽ സംരംഭത്തിനായുള്ള തയ്യൽ മെഷീനുകളുടെ വിതരണ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. 46 വനിതകൾക്കാണ് സ്വയംതൊഴിൽ സംരംഭം ആരംഭിക്കാനായി തയ്യൽ മെഷീനുകളും അനുബന്ധ ഉപകരണങ്ങളും അടക്കം സബ്‌സിഡിയിലൂടെ ലഭ്യമാക്കുന്നത്. 12.46 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. തയ്യൽ മെഷീനുകളും അനുബന്ധ ഉപകരണങ്ങളും അടക്കം 40,000 രൂപയാണ് ഒരാൾക്കായി ചെലവഴിക്കുന്നത്. ഇതിൽ 65 ശതമാനം സബ്‌സിഡിയോട് കൂടി 27,000 രൂപയും പദ്ധതിയുടെ ഭാഗമായി ലഭിക്കും. ആദ്യഘട്ടത്തിൽ 29 പേർക്ക് തയ്യൽമെഷീനുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അദ്ധ്യക്ഷനായി. സാവിത്രി സദാനന്ദൻ, ഇ.ടി ജലജൻ, സ്വപ്ന സുരേഷ്, രേഷ്മ സജീഷ്, പി.ആർ ജോൺ, വി.ഒ ലാലി ഘോഷ് തുടങ്ങിയവർ പങ്കെടുത്തു.