1

തൃശൂർ: പാണഞ്ചേരി പഞ്ചായത്തിലെ പുന്നച്ചുവട് ഇ.എം.എസ് താമരവെള്ളച്ചാൽ റോഡ് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ടായ 30 ലക്ഷം ഉപയോഗിച്ച് 800 മീറ്ററാണ് നിർമ്മാണം പൂർത്തീകരിച്ചത്. ബാക്കിയുള്ള 830 മീറ്റർ റോഡ് അടുത്ത സാമ്പത്തികവർഷത്തിൽ തന്നെ നിർമ്മിക്കുമെന്നും മന്ത്രി അറിയിച്ചു. റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതോടെ താമരവെള്ളച്ചാൽ കോളനിയിലെ നിരവധി പട്ടികജാതി പട്ടികവർഗ കുടുംബങ്ങളുടെ യാത്ര സുഗമമാകും. പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വാർഡ് മെമ്പർ അജിത മോഹൻദാസ്, വാർഡ് വികസന സമിതി കൺവീനർ ബിജുമോൻ, ഊരുമൂപ്പൻ ടി.സി. വാസു, എസ്.സി കൂട്ടായ്മ സെക്രട്ടറി ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് അസിസ്റ്റൻ്റ് എൻജിനിയർ ഐ.ബി. അമ്പിളി റിപ്പോർട്ട് അവതരിപ്പിച്ചു.