ഒല്ലൂർ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും എ.ഐ.ടി. യു സംസ്ഥാന നേതാവുമായിരുന്ന കുഞ്ഞുണ്ണി മേനോന്റെ (90) ദേഹവിയോഹം മൂലം നഷ്ടമായത് ലളിതജീവിതം നയിച്ചിരുന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെ. ചെറുപ്രായത്തിൽ തന്നെ സർക്കാർ ജോലിയിൽ കയറിയപ്പോൾ മുതൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. തുടർന്ന് ജോയിന്റ് കൗൺസിലിന്റെ സ്ഥാപക നേതാവായും സംസ്ഥാന വൈസ് ചെയർമാനായും പ്രവർത്തിച്ചു. 1989ൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും ജൂനിയർ സുപ്രണ്ടായി വിരമിച്ചതിന് ശേഷം മുഴുവൻ സമയവും പൊതുസേവനത്തിനായി ചിലവഴിച്ചു. കർഷിക സർവകലാശാലയിലേയും വെറ്റിറിനറി സർവകലാശാലയിലെയും തൊഴിലാളികളെ ഏകോപിപ്പിക്കുന്നതിന് മുഖ്യ പ്രാധാന്യം വഹിച്ചു. ഇരു സർവകലാശാലയിലേയും എ.ഐ.ടി.യു.സി തൊഴിലാളി സംഘടനകളുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചു. സി.പി.ഐ ഒല്ലൂർ മണ്ഡലം സെക്രട്ടേറിയറ്റ് അംഗമായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ വെൽഫെയർ അംഗമായിരിക്കെ രോഗികളെ സഹായിക്കാനും അവർക്ക് വേണ്ടി മുൻകൂട്ടി ടോക്കൺ എടുത്ത് നൽകാനും പ്രത്യേകം പ്രവർത്തിച്ച വ്യക്തിയാണ് കുഞ്ഞുണ്ണി മേനോൻ. നിലവിൽ പുത്തൂരിൽ പ്രവർത്തിക്കുന്ന സർവീസ് പെൻഷനേഴ്‌സ് സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗമാണ്.