1

വടക്കാഞ്ചേരി: വൈകുന്നേരമായാൽ റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ ലക്ഷ്മി അക്കയുടെ തട്ടുകട ഉണരും, രുചിയേറുന്ന വിഭവങ്ങൾ കഴിക്കാനും പാഴ്‌സൽ വാങ്ങാനും പിന്നെ തിക്കുംതിരക്കുമാണ്. നെയ് റോസ്റ്റ് മുതൽ സ്‌പെഷ്യൽ ദോശ വരെയുള്ള പത്തോളം ദോശകൾ, ഒൻപതിനം ചമ്മന്തികൾ, സ്‌പെഷ്യൽ മുട്ട ദോശയും, കൊള്ളിയും ബീഫും അടങ്ങുന്ന നാടൻ ഭക്ഷണം... ഇങ്ങനെ നീളുന്നു മെനു.

വൈകീട്ട് ആറോടെയാണ് ലക്ഷ്മി ദോശമാവും മറ്റ് സാധനങ്ങളുമായി തട്ടുകടയിലെത്താറ്. 15 വർഷം മുമ്പാണ് തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ നിന്ന് ലക്ഷ്മിയും ഭർത്താവ് രാജേന്ദ്രനും വടക്കാഞ്ചേരിയിൽ എത്തിയത്. ഏഴുവർഷം മുമ്പാണ് തട്ടുകട തുടങ്ങി. രാത്രി 12 വരെ കച്ചവടം നടത്തും. ചില ദിവസങ്ങളിൽ ഭക്ഷണ വിഭവങ്ങൾ വിറ്റുതീർന്നാൽ കട നേരത്തെ അവസാനിപ്പിക്കും.

നിർമ്മാണ ജോലിക്കാരനായ ഭർത്താവ് രാജേന്ദ്രൻ പണി കഴിഞ്ഞ് ഭാര്യയെ സഹായിക്കാനെത്തും. പലയിടങ്ങളിൽ നിന്നും ഭക്ഷണപ്രേമികൾ ലക്ഷ്മി അക്കയുടെ തട്ടുകട തേടിയെത്താറുണ്ട്. നിത്യേന ഏഴായിരം രൂപയുടെ കച്ചവടം നടക്കാറുണ്ടത്രെ. തട്ടുകട തുറക്കുന്നതിന് മുൻപേ ആളുകൾ ഭക്ഷണം ഓർഡർ ചെയ്തു തുടങ്ങും. നല്ല ഭക്ഷണം നൽകുന്നതാണ് തന്റെ വിജയ രഹസ്യമെന്നാണ് ലക്ഷ്മി അക്കയുടെ വിശദീകരണം.

കൈയിൽ പണമില്ലാത്തവർക്കും അനാഥർക്കും പൈസ തികഞ്ഞില്ലെങ്കിലും വയറു നിറയെ ഭക്ഷണം നൽകാൻ ലക്ഷ്മി മടി കാണിക്കാറില്ല. ലോക വനിതാ ദിനത്തിൽ തട്ടുകടയിലൂടെ ജീവിത വിജയം നേടിയ ഈ വീട്ടമ്മയെ ആക്ട്സ് പ്രവർത്തകർ ആദരിച്ചിരുന്നു.