മതിലകം: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിക്കായി നിർമ്മി സ്‌നേഹ ഭവനം കൈമാറി. ഇതേ സ്‌കൂളിലെ അന്ധ വിദ്യാർത്ഥിക്കാണ് വീട് നിർമ്മിച്ച് നൽകിയത്. ഒമ്പത് ലക്ഷം രൂപ ചെലവഴിച്ച് 550 ചതുരശ്ര അടിയിലാണ് വീട് നിർമ്മിച്ചത്. മതിലകം തൃപ്പേക്കുളം സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി പ്രൊഫ. ഡോ. ആർ. ബിന്ദു വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ അദ്ധ്യക്ഷനായി.സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ആർ.എൻ. അൻസാർ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ എന്നിവർ മുഖ്യാതിഥികളായി. എം.വി. പ്രതീഷ്, ടി.എസ്. രാജു, സുമതി സുന്ദരൻ, രജനി ബേബി, ഒ.എ. ജെൻട്രിൻ, എ.പി. ലാലി, കെ.വൈ. അസീസ്, വി.കെ. മുജീബ് റഹ്മാൻ, ഹംസ വൈപ്പിപ്പാടത്ത്, എ.എ. തോമസ്, ഇ.ആർ. രേഖ, ബിന്ദു സന്തോഷ്, ജിസ്‌മോൻ ഫ്രാൻസിസ്, റഹിയാനത്ത് അൻസാരി, ജിഷ വിനോദ്, പി.എൽ. രശ്മി, ആന്റണി തോമസ് എന്നിവർ സംസാരിച്ചു.
കുട്ടികൾ പണം കണ്ടെത്തിയത് വിവിധ ചലഞ്ചുകളിലൂടെ
കുട്ടികൾ സ്‌ക്രാപ്പ് ചലഞ്ച്, ബിരിയാണി ചലഞ്ച്, ഉത്പ്പന്ന നിർമ്മാണ വിപണനം തുടങ്ങി വിവിധ ചലഞ്ചുകൾ ഏറ്റെടുത്തു കൊണ്ടാണ് വീട് നിർമ്മിക്കുന്നതിനുള്ള തുക കണ്ടെത്തിയത്. സ്‌കൂൾ പി.ടി.എ, മാനേജ്‌മെന്റ്, പഞ്ചായത്ത്, അദ്ധ്യാപകർ, നാട്ടുകാർ എന്നിവരെല്ലാം ഭവന നിർമ്മാണത്തിന് അകമഴിഞ്ഞ് സഹായം ചൊരിഞ്ഞു.
ഭൂരഹിതരും ഭവന രഹിതരുമില്ലാത്ത കേരളമെന്ന സംസ്ഥാന സർക്കാരിന്റെ നയം ഉറപ്പാക്കുന്നതിന് വലിയൊരു പങ്കാളിത്തമാണ് സ്കൂളിലെ എൻ.എസ്.എസ് നടത്തുന്നത്. അങ്ങേയറ്റം മാതൃകാപരമാണത്.
- ഡോ. ആർ. ബിന്ദു
(ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി)