മാള: കത്തുന്ന വേനലിൽ കുടിവെള്ളം കിട്ടാതെ വലയുകയാണ് പൊയ്യ പഞ്ചായത്ത് നിവാസികൾ. കൃഷ്ണൻകോട്ട, കഴഞ്ചിത്തറ, അത്തിക്കടവ് അണ്ടിക്കമ്പനി, ചെന്തുരുത്തി, വട്ടക്കോട്ട എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമത്താൽ ജനം നെട്ടോട്ടമോടുന്നത്. പൊയ്യ പഞ്ചായത്തിലെ വട്ടക്കോട്ടയിൽ 250 ഓളം വീടുകളിൽ മാള പഞ്ചായത്തിന്റെ പൈപ്പിലൂടെയാണ് വെള്ളമെത്തുന്നത്. പൊയ്യ പഞ്ചായത്തിൽ ജലനിധി പൈപ്പുണ്ടെങ്കിലും വെള്ളം കിട്ടുന്നത് 15, 20 ദിവസം കൂടുമ്പോഴാണ്. ജലനിധി സംവിധാനം വരുന്നതോടെ വെള്ളക്ഷാമം മാറും എന്നതായിരുന്നു പ്രചരണം. എന്നാൽ തിരിച്ചായിരുന്നു ഫലം. ജലനിധി വന്നതോടെ വെള്ളത്തിന് നൽകുന്ന തുക കൂടുകയും കിട്ടാനുള്ള കാലതാമസം കൂടുകയും ചെയ്തു. വരൾച്ച ശക്തമായതിനാൽ ഈ പ്രദേശങ്ങളിൽ കിണർ കുഴിക്കാൻ പോലും സാദ്ധ്യമല്ലാത്ത സ്ഥിതിയാണ്.
2016-17 ലെ വരൾച്ചയിൽ ഒന്ന്, 14, 15, 12, 13, ആറ് എന്നീ വാർഡുകളിൽ വാട്ടർ കിയാസ്‌കുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഈ കിയോസ്‌കുകളിലും ഇപ്പോൾ വെള്ളമില്ല. ഉപ്പുവെള്ളം തടയാനുള്ള ബണ്ടുകൾ കെട്ടാത്തത് മൂലം പല സ്ഥലങ്ങളിലും കിണറുകളിൽ ഉപ്പ് കയറി. പഞ്ചായത്ത് ടാങ്കറിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും ഉൾപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കിട്ടാത്ത സ്ഥിതിയാണുള്ളത്. പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി നഗരസഞ്ജയ പദ്ധതിയിലുൾപ്പെടുത്തി ചാലക്കുടി പുഴയിൽ കുഴൂർ പഞ്ചായത്തിലെ കുണ്ടൂർക്കടവിൽ 50 എച്ച്.പിയുടെ രണ്ട് മോട്ടോർ വച്ച് വെള്ളം പമ്പ് ചെയ്തു പറമാട് സ്ഥാപിക്കുന്ന ശുദ്ധീകരണ പ്ലാന്റിൽ എത്തിച്ച് വിതരണം ചെയ്യാനുള്ള പഞ്ചായത്തിന്റെ പദ്ധതിക്ക് എട്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും എന്നാണ് പ്രതിക്ഷ.
കോട്ടമുറി ബണ്ട്, എലച്ചിറ ബണ്ട് ഇവ യഥാസമയം കെട്ടാത്തത് മൂലം പലയിടത്തും കിണറുകളിൽ ഉപ്പുവെള്ളം കയറി. ബണ്ട് കെട്ടാനുണ്ടായ കാലതാമസം മൂലമാണ് പഞ്ചായത്തിലെ പല ഭാഗത്തും കുടിവെള്ളക്ഷാമം തുടരുന്നത്.
- എ.എസ്. വിജീഷ്
(പ്രതിപക്ഷ മെമ്പർ)