കുന്നംകുളം: ലോട്ടറി കച്ചവടത്തിലൂടെ ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന കിഴക്കൂട്ടയിൽ ശാന്തകുമാരിക്കും മകൾക്കും ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. നഗരസഭാ ഓഫീസിനോട് ചേർന്ന് ലോട്ടറി കച്ചവടം നടത്തിയ ശാന്തകുമാരി കാലങ്ങളായി വിവിധ ഇടങ്ങളിൽ വാടക വീടുകളിൽ താമസിച്ചുവരുകയായിരുന്നു. കുന്നംകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സുവിധം എന്ന സംഘടനയാണ് 4 സെന്റ് സ്ഥലം വാങ്ങി ഇവർക്ക് വീട് പണിത് നൽകിയത്. മുൻപുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശാന്തകുമാരിയെ ഇപ്പോൾ വാർദ്ധക്യസഹജമായ അസുഖങ്ങളും അലട്ടുന്നുണ്ട്. എങ്കിലും ദൈനംദിന ചിലവുകൾക്ക് തനിക്ക് ലഭിക്കുന്ന പെൻഷനു പുറമേയാണ് ലോട്ടറി കച്ചവടം. ശാന്തകുമാരിയുടെ ദയനീയാവസ്ഥ നേരിൽകണ്ട് പലരും സഹായങ്ങൾ ചെയ്യാറുണ്ട്. എങ്കിലും സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ ആ സ്വപ്‌നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ഇരുവരും. വീടിന്റെ താക്കോൽ നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ ശാന്തകുമാരിക്ക് കൈമാറി. സുവിധം പ്രസിഡന്റ് ചാന്ദിനി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പെൻക്കോ ബക്കർ,സി.സി ഷെറി, ഗംഗാധരൻ മാസ്റ്റർ,കെ.പി ദേവൻ,കെ.സേതു മാധവൻ എന്നിവർ സംസാരിച്ചു.
സുവിധം
കഴിഞ്ഞ 20 വർഷമായി കുന്നംകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് സുവിധം.
സംഘടനയുടെ നേതൃത്വത്തിൽ അമ്പതോളം അമ്മമാർക്ക് മാസംതോറും പെൻഷൻ നൽകി വരുന്നുണ്ട്. വിശേഷ അവസരങ്ങളിൽ നിരവധി കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റും സംഗമങ്ങളും സംഘടിപ്പിക്കാറുണ്ട്.