കൊടുങ്ങല്ലൂർ : ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി പൊടിശല്ല്യത്താൽ വലയുകയാണ് സമീപത്തെ വീടുകളും വ്യാപാര സ്ഥാപനങ്ങളും. പാതയോരങ്ങളിലെ മരങ്ങളെല്ലാം വെട്ടി മാറ്റിയതോടെ വേനലിൽ ചുട്ടുപൊള്ളുന്ന സ്ഥിതിയുമായി. ചന്തപ്പുര പോലുള്ള സ്ഥലങ്ങളിൽ പകലന്തിയോളം ചെലവഴിക്കേണ്ടി വരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരും തൊഴിലാളികളുമാണ് ഇതിന്റെ തിക്ത ഫലം ഏറേയും പേറേണ്ടി വരുന്നത്. കാന നിർമ്മാണത്തിനായി രണ്ട് മാസം മുമ്പ് ബസ് സ്റ്റോപ്പിനരികിൽ ജെ.സി.ബി ഉപയോഗിച്ച് കുഴിച്ച കുഴികൾ ഇപ്പോഴും ജനങ്ങൾക്ക് വഴിമുടക്കി കിടക്കുകയാണ്. ഓട്ടോറിക്ഷ ഡ്രൈവർമാരാണ് കയർ കെട്ടി സുരക്ഷാ വലയം തീർത്തിട്ടുള്ളത്. മറ്റൊരു ഭാഗത്തും ജെ.സി.ബി ഉപയോഗിച്ച് വലിയ കുഴി കുഴിച്ചിട്ടുണ്ട്. സമീപത്തുള്ള വൈദ്യുതി പോസ്റ്റിന് ഈ കുഴി ഭീഷണിയായി തുടരുമ്പോഴും അതുകൊണ്ട് കാര്യമായ പ്രയജനമൊന്നുമില്ല. ദേശീയപാത നിർമ്മാണത്തിനിടെ സിമന്റ് അവശിഷ്ടങ്ങളും മറ്റും ഉണങ്ങി പൊടിയായി പറന്ന് പരിസരത്തെ വീടുകളിലും കടകളിലുമുള്ളവർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ചന്തപ്പുരയിൽ ചില കച്ചവട സ്ഥാപനങ്ങൾ പൊടിശല്യത്താൽ പൂട്ടിപ്പോയ നിലയിലാണ്. ചില വീട്ടുകാരും പൊടിശല്യത്താൽ വീടുവിട്ട് പോയിട്ടുണ്ട്. ശ്രീനാരായണപുരത്തുള്ള ഒരു കുടുംബം അടുത്തിടെ പൊടി ഭീഷണി മൂലം കോട്ടപ്പുറത്തേക്ക് താമസം മാറ്റി. തണൽ നഷ്ടപ്പെട്ടതോടെ ചിലയിടങ്ങളിൽ കടവരാന്തയുടെ തണൽ പറ്റി നിന്നാണ് ഓട്ടോ ഡ്രൈവർമാർ ആശ്വാസം കൊള്ളുന്നത്. ദേശീയപാതയിൽ തണൽ മരങ്ങളുടെ തണൽ പറ്റിയാണ് മിക്ക ഓട്ടോറിക്ഷാ സ്റ്റാന്റുകളും ഉണ്ടായിരുന്നത്. ദേശീയപാത നിർമ്മാണത്തിന് മുൻപേ തന്നെ മിക്ക മരങ്ങൾക്കും കോടാലി വീഴുകയായിരുന്നു.