
ത്രികാേണമത്സരത്തിന് കളമൊരുങ്ങിയ തൃശൂരിൽ മൂന്നു മുന്നണികളിലെയും ദേശീയ നേതാക്കളുടെ നിര തന്നെയാണ് വരാൻ പോകുന്നത്. ചുരുക്കത്തിൽ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന പ്രധാന മണ്ഡലമായി തൃശൂർ മാറി.
ലീഡർ കെ. കരുണാകരന്റെ പ്രഭാവം കൊണ്ട് ട്വിസ്റ്റുകളും അട്ടിമറികളും തിരിച്ചടികളും വമ്പൻ ജയങ്ങളുമെല്ലാം തിരഞ്ഞെടുപ്പുകളിൽ തൃശൂരിനെ ശ്രദ്ധാകേന്ദ്രമാക്കിയിട്ടുണ്ട്. ഇപ്പോഴും ആ ലീഡർ പ്രഭാവം തുടരുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് കാലത്തെ കാഴ്ച. മാസങ്ങൾക്ക് മുൻപേ മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ ആരെന്നത് ഉറപ്പിച്ച മണ്ഡലമായിരുന്നു തൃശൂർ. പക്ഷേ, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപായിരുന്നു വമ്പൻ ട്വിസ്റ്റ്. സിറ്റിംഗ് എം.പി. ടി.എൻ. പ്രതാപനായി ചുവരെഴുത്തും പോസ്റ്റർ പതിക്കലുമെല്ലാം തുടരുമ്പോൾ, വടകരയിൽ നിന്ന് കെ. മുരളീധരൻ മത്സരിക്കാനെത്തുമെന്ന് അറിഞ്ഞപ്പോൾ ഞെട്ടാത്തവരില്ല. അതോടെ, മൂന്ന് മുന്നണികളും പ്രചാരണതന്ത്രം മാറ്റിപ്പണിയാൻ തുടങ്ങി. പത്മജ വേണുഗോപാലിന്റെ ബി.ജെ.പി.യിലേക്കുള്ള കൂടുമാറ്റമാണ് തൃശൂരിൽ പെട്ടെന്ന് വഴിത്തിരിവുണ്ടാക്കിയത്.
പത്മജയുടെ പാർട്ടിമാറ്റം എങ്ങനെ അനുകൂലമാക്കാമെന്നാണ് എൻ.ഡി.എയും എൽ.ഡി.എഫും ചിന്തിക്കുന്നത്. പത്മജയ്ക്ക് സ്വാധീനമുളള കേന്ദ്രങ്ങളിലാണ് എൻ.ഡി.എയുടെ കണ്ണ്. എന്നാൽ, ടി.എൻ.പ്രതാപൻ മാറുന്നതോടെ, തീരമേഖലയിലെ വോട്ടുകൾ അനുകൂലമാകുമെന്നാണ് ഇടതുമുന്നണി കണക്ക് കൂട്ടുന്നത്. അതേസമയം, സംസ്ഥാനതലത്തിൽ കെ. മുരളീധരനുള്ള പ്രതിച്ഛായ ഗുണകരമാകുമെന്നും കോൺഗ്രസ് കരുതുന്നു. പത്മജയോടുള്ള എതിർപ്പ് നേതാക്കളിലും കോൺഗ്രസ് പ്രവർത്തകരിലും ഒത്തൊരുമയും വാശിയും ഉണ്ടാക്കിയിട്ടുണ്ടെന്നും യു.ഡി.എഫ് വിലയിരുത്തുന്നു.
അതേസമയം, പത്മജ ബി.ജെ.പിയിൽ ചേർന്നതിന്റെ നടുക്കവും അങ്കലാപ്പും പൂർണ്ണമായും വിട്ടുമാറിയിട്ടുമില്ല. പ്രതാപന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാനാണ് ധാരണയെന്നാണ് വിവരം. കഴിഞ്ഞതവണയും തൃശൂരിലെ തിരഞ്ഞെടുപ്പിൽ ട്വിസ്റ്റുണ്ടായിരുന്നു. സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിലും അവസാന നിമിഷമാണ് തീരുമാനമായത്.
മുരളീമന്ദിരത്തിൽ
കറങ്ങിത്തിരിഞ്ഞ്....
ഒരു കാലത്ത് കേരള രാഷ്ട്രീയത്തിന്റെ ചരടുവലികൾക്ക് സാക്ഷ്യം വഹിച്ച പൂങ്കുന്നത്തെ മുരളീമന്ദിരം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. കെ. കരുണാകരന്റെ രാഷ്ട്രീയനീക്കങ്ങളേറെയും അദ്ദേഹത്തിന്റെ വസതിയായിരുന്ന മുരളീമന്ദിരത്തിലും പിന്നീട് രാമനിലയത്തിലുമായിരുന്നു. ലീഡറുടെ സ്മൃതി കുടീരമുള്ളതിനാൽ കോൺഗ്രസുകാരുടെ വൈകാരിക ഇടവുമാണത്. മുരളീമന്ദിരത്തിൽ എത്തി പ്രാർത്ഥിച്ചാണ് കെ. മുരളീധരൻ കളത്തിലിറങ്ങിയത്. വരും ദിവസങ്ങളിൽ മുരളീമന്ദിരത്തിൽ ആരൊക്കെയെത്തുമെന്ന ചോദ്യവും ഉയരുന്നുണ്ട്. അതുകൊണ്ട് മുരളീമന്ദിരത്തെ ചുറ്റിപ്പറ്റി തിരഞ്ഞെടുപ്പ് പ്രചാരണവും കൊടുമ്പിരി കൊള്ളും.
ഓപ്പറേഷൻ
താമര?
പത്മജയെ ബി.ജെ.പിയിലെത്തിച്ചതിനെ ഓപ്പറേഷൻ താമരയെന്നാണ് കോൺഗ്രസുകാർ വിശേഷിപ്പിക്കുന്നത്. കോൺഗ്രസ് വിട്ട് പത്മജാ വേണുഗോപാൽ ബി.ജെ.പിയിൽ എത്തിയതിന്റെ പ്രതിസന്ധികൾ പെട്ടെന്ന് കെട്ടടങ്ങാൻ വേണ്ടിയായിരുന്നു കെ. മുരളീധരനെ ലീഡറുടെ തട്ടകമായിരുന്ന തൃശൂരിലെത്തിച്ചത്. അതോടെ പ്രവർത്തകരുടെ ആവേശം കോൺഗ്രസിന് ഊർജ്ജമായി.
സ്ഥാനാർത്ഥിയായി പ്രചാരണം തുടങ്ങിയെങ്കിലും ടി.എൻ. പ്രതാപൻ, കെ. മുരളീധരന് അനുകൂല നിലപാടെടുത്തതും തുണച്ചു. നെഗറ്റീവ് വോട്ടുകൾ ഒഴിവാകുമെന്ന ആശ്വാസവും യു.ഡി.എഫ് ക്യാമ്പിനുണ്ട്. പത്മജ വിഷയം ചർച്ചയായതോടെ തൃശൂർ നഗരം കേന്ദ്രീകരിച്ചാണ് മൂന്നുമുന്നണികളുടേയും പ്രചാരണം നടക്കുന്നത്.
പത്മജയിലൂടെ സ്ത്രീകളുടേത് അടക്കമുള്ള കോൺഗ്രസ് വോട്ടുകൾ നേടാനുള്ള ബി.ജെ.പി തന്ത്രത്തെ ചെറുക്കാനുമായേക്കും. പത്മജ പ്രചാരണത്തിനിറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. കോൺഗ്രസിലെ തൊഴുത്തിൽക്കുത്തും മറ്റുമാകും അവർ പറയുന്നത് ഇതിനെ ചെറുക്കാൻ മുരളീധരനെക്കൊണ്ടേ കഴിയുകയെന്ന് കോൺഗ്രസും കരുതുന്നു.
പ്രതിച്ഛായകളുടെ
ഏറ്റുമുട്ടൽ
ഇടതുമുന്നണിയിലെ വി.എസ്. സുനിൽകുമാറിനും എൻ.ഡി.എയിലെ നടൻ സുരേഷ്‌ഗോപിക്കും കരുത്തായുള്ളത് പ്രതിച്ഛായയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സുരേഷ് ഗോപി പ്രതിച്ഛായ മെച്ചപ്പെടുത്തിയപ്പോൾ ജനങ്ങളിലൊരാളായി എന്നും നിലകൊണ്ട് സുനിൽകുമാറും ജനഹൃദയങ്ങളിൽ ഇടം പിടിച്ചു. കൃഷിമന്ത്രിയായിരിക്കെ മികച്ച പ്രവർത്തനം നടത്തിയതും താഴെത്തട്ടിൽ ഇടപെടൽ നടത്താനുള്ള കഴിവും മൂന്ന് തവണ എം.എൽ.എ ആയതും സുനിൽകുമാറിന് അനുകൂലമാകും.
തൃശൂരിൽ ഏറെക്കാലമായി സജീവമാണ് സുരേഷ് ഗോപി. രണ്ട് തവണ തൃശൂരിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവും പത്മജയുടെ ബി.ജെ.പി പ്രവേശവുമെല്ലാം എൻ.ഡി.എ എടുത്തുകാണിക്കുന്നുണ്ട്. അതേസമയം, കെ. മുരളീധരൻ എത്തിയതോടെ പ്രവർത്തകരിൽ ഉണർവുണ്ടായത് കോൺഗ്രസുകാർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. ഗ്രൂപ്പിസം വലുതായി തിരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്ന് അവർ കരുതുന്നു. ലീഡറുടെ മകനെന്ന പരിഗണനയും തൃശൂരിൽ ജനിച്ചു വളർന്നതിനാൽ നാഡിമിടിപ്പുകളറിയാം എന്നതും മുരളീധരനെ തുണച്ചേക്കും. ന്യൂനപക്ഷ വോട്ടുകളും മുന്നാക്ക സമുദായ വോട്ടുകളും കൂടുതൽ കിട്ടുമെന്നും യു.ഡി.എഫ് കേന്ദ്രങ്ങൾ കരുതുന്നു. അടവും തടയും പഠിച്ച നേതാവാണെന്നും അവർ മുരളീധരനെ വിശേഷിപ്പിക്കുന്നു.
അധികാരത്തിന് പിന്നാലെ പോകുന്ന പാർട്ടിയാണ് കോൺഗ്രസെന്നും വർഗീയതയ്ക്കെതിരെ യഥാർത്ഥ ബദൽ ഇടതുമുന്നണിയെന്നുമാണ് പ്രചാരണവേദികളിൽ എൽ.ഡി.എഫ് വാദം. വിജയിച്ചാൽ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നും തൃശൂരിൽ വികസന വിപ്ളവം കൊണ്ടുവരുമെന്നുമാണ് ബി.ജെ.പി വാഗ്ദാനം. കേന്ദ്രത്തിൽ ബി.ജെ.പിക്ക് ബദൽ കോൺഗ്രസ് മാത്രമാണെന്നാണ് യു.ഡി.എഫ് വേദികളിൽ മുഴങ്ങിക്കേൾക്കുന്ന മുദ്രാവാക്യം.
നേതാക്കളുടെ
വൻനിരയെത്തും
മാസങ്ങൾക്ക് മുൻപേ ത്രികാേണമത്സരത്തിന് കളമൊരുങ്ങിയ തൃശൂരിൽ, ടി.എൻ. പ്രതാപനു പകരം കെ. മുരളീധരനെ ഇറക്കി കോൺഗ്രസ് ഓളം തീർക്കുമ്പോൾ പ്രചാരണയോഗങ്ങളിൽ തീപ്പൊരി പാറുമെന്ന് ഉറപ്പാണ്. മൂന്നു മുന്നണികളിലെയും ദേശീയ നേതാക്കളുടെ നിര തൃശൂരിലെത്തുമെന്നാണ് വിവരം. ബി.ജെ.പിയിലേക്ക് ചേക്കേറിയ പത്മജ വേണുഗോപാൽ, സഹോദരനായ കെ. മുരളീധരനെതിരെ പ്രചാരണത്തിനെത്തിയാൽ അത് ദേശീയതലത്തിൽ ചർച്ചയാകും. പാർട്ടി ആവശ്യപ്പെട്ടാൽ സുരേഷ് ഗോപിക്കായി തൃശൂരിൽ വരാൻ തയ്യാറാണെന്ന് പത്മജ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷാ, ബി.ജെ.പി. ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി, സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങിയവർ തൃശൂരിൽ പ്രചാരണത്തിന് എത്തിയേക്കും.
തൃശൂരിന്റെ സ്വന്തം സ്ഥാനാർത്ഥിയെന്ന പ്രചാരണവുമായാണ് എൽ.ഡി.എഫ് പ്രചാരണവഴികളിൽ ആത്മവിശ്വാസം പങ്കുവയ്ക്കുന്നത്. ഗ്രൗണ്ട് സപ്പോർട്ട് വി.എസ്. സുനിൽകുമാറിന് കിട്ടുന്നതുപോലെ എതിരാളികൾക്ക് കിട്ടില്ലെന്ന വിശ്വാസമാണ് അവർക്കുള്ളത്. ടി.എൻ. പ്രതാപന് ലഭിക്കേണ്ട വോട്ടുകൾ സുനിൽകുമാറിനാകുമെന്ന പ്രതീക്ഷയും അവർക്കുണ്ട്.
കോൺഗ്രസിന്റെ സ്ഥാനാർത്ഥി ആരായാലും പ്രശ്‌നമില്ലെന്ന് വി.എസ്. സുനിൽകുമാർ കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. കെ. മുരളീധരനായാലും പ്രതാപനായാലും രാഷ്ട്രീയപോരാട്ടം തന്നെയാണെന്നും അതിൽ ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചുരുക്കത്തത്തിൽ കേരള രാഷ്ട്രീയം മാത്രമല്ല ദേശീയ രാഷ്ട്രീയവും ഉറ്റുനോക്കുന്ന പ്രധാന മണ്ഡലങ്ങളിൽ ഒന്ന് തൃശൂർ തന്നെയാണ്.