1

തൃശൂർ: യു.ഡി.എഫിന്റെ കെ.മുരളീധരൻ തൃപ്രയാറപ്പനെ തൊഴുത് തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ പ്രചാരണത്തിന് തുടക്കമിട്ടപ്പോൾ, എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി താണിക്കുടം ഭഗവതിയെ ദർശിച്ചും പ്രചാരണത്തിന് തുടക്കമിട്ടു. ആ സമയം, തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലെ വാക്കേഴ്‌സ് ക്ലബ്ബിനൊപ്പമായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാർ.
തൃശൂർ വാക്കേഴ്‌സ് ക്ലബ്ബും വെറ്ററൻ ഫുട്ബാൾ ടീമും ചേർന്ന് സ്റ്റേഡിയത്തിൽ സ്വീകരണവും നൽകി. ക്ലബ്ബിന്റെയും വെറ്ററൻ ഫുട്ബാൾ ടീമിന്റെയും ഭാരവാഹികളും വ്യവസായ പ്രമുഖനായ ടി.എസ്.പട്ടാഭിരാമൻ, ബെസ്റ്റ് ജലീൽ, തോമസ് കോനിക്കര, മാർട്ടിൻ മാത്യൂസ്, അഡ്വ.അഖിലാസ്, പി.എ.മജീദ്, സോളി സേവ്യർ, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കായിക പരിശീലനത്തിനെത്തിയ കുട്ടികൾ ഉൾപ്പെടെയുള്ളവരോട് സൗഹൃദം പങ്കുവച്ചും വോട്ടഭ്യർത്ഥിച്ചുമാണ് സുനിൽ കുമാർ മടങ്ങിയത്. തൃപ്രയാറിൽ ക്ഷേത്രദർശനത്തിന് ശേഷം യു.ഡി.എഫ് നാട്ടിക നിയോജക മണ്ഡലം കൺവെൻഷനിൽ കെ.മുരളീധരൻ പ്രസംഗിച്ചു. ടി.എൻ.പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പ്രൊഫഷണൽ ജില്ലാ സെല്ലിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ നിയോജകമണ്ഡലത്തിലെ പ്രൊഫഷണലുകളുടെ സംഗമത്തിൽ നാളെ സുരേഷ് ഗോപി പങ്കെടുക്കും. വൈകിട്ട് ആറിന് ഗുരുവായൂർ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിലാണ് പരിപാടി. പ്രൊഫഷണൽ സെൽ സംസ്ഥാന ജില്ലാ ഭാരവാഹികളും പങ്കെടുക്കും.

കൊണ്ടും കൊടുത്തും രാഷ്ട്രീയ ഗോദ

ആരോപണങ്ങളുമായി പത്മജ വേണുഗോപാലെത്തിയതോടെ പ്രത്യാരോപണങ്ങളുമായി മറുപക്ഷവും ഉയർന്നു. മുൻ ഡി.സി.സി പ്രസിഡന്റ് എം.പി.വിൻസെന്റിനെതിരെ പത്മജ സാമ്പത്തിക ആരോപണമുന്നയിച്ചു. വിൻസെന്റ് അതിന് മറുപടിയും നൽകി. വരുംദിവസങ്ങളിലും പത്മജയുടെ ആരോപണമുണ്ടായാൽ അതിനെ നേരിടാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. കണ്ണിറുക്കിയും പ്രയോഗിക്കുന്ന വാക്കുകളുടെ സൂക്ഷ്മതയാലും വാർത്തകളിൽ നിറയുന്ന ലീഡർ കെ.കരുണാകരന്റെ അതേ പാതയിൽ കെ.മുരളീധരനും സഞ്ചരിച്ചാൽ തൃശൂർ ഇപ്രാവശ്യവും വാർത്തകളിൽ നിറയും. സിനിമാതാരമെന്ന നിലയിലും ഡയലോഗുകളാലും സുരേഷ് ഗോപിയും അതേ പാതയിലായതിനാൽ വാർത്തകളും ട്വിസ്റ്റുകളും അട്ടിമറികളും നിശബ്ദ അടിയൊഴുക്കുമെല്ലാം വിജയത്തെ നിർണയിക്കും. രാഷ്ട്രീയ അനുഭവം കൊണ്ടും രാഷ്ട്രീയ പാരമ്പര്യം കൊണ്ടും ഇവർക്കെല്ലാം കിടയറ്റ എതിരാളി കൂടിയാണ് സുനിൽ കുമാർ. കേരള രാഷ്ട്രീയം മാത്രമല്ല, ദേശീയ രാഷ്ട്രീയവും ഉറ്റുനോക്കുന്ന നിലയിലേക്കാണ് തൃശൂർ ലോകസഭാ മണ്ഡലത്തിന്റെ മുന്നോട്ടുപോക്ക്.