ചേർപ്പ്: ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരം ചടങ്ങുകൾ ഇന്ന് ആരംഭിക്കും. വെളുപ്പിന് നാലിന് നടതുറപ്പ്, നിർമാല്യ ദർശനം, ശാസ്താവിന് 108 കരിക്കഭിഷേകം, ചുറ്റുവിളക്ക്, രാവിലെ 8ന് നെയ് സമർപ്പണം എന്നിവയുണ്ടാകും. നടപ്പുരയിൽ ഒരുക്കിവച്ചിട്ടുള്ള വലിയ ഓട്ട് ചരക്കിൽ ഭക്തർ ശാസ്താവിനുള്ള നെയ്യ് സമർപ്പിക്കും. സമ്പൂർണ നെയ് വിളക്കിൽ ഭാഗഭാക്കാവുന്നതിനുള്ള നെയ് സമർപ്പണത്തിൽ വിവിധ ദേശങ്ങളിലുള്ള നൂറുക്കണക്കിന് ഭക്തർ പങ്കെടുക്കും. ദേശക്കാരുടെ സമർപ്പണം ഉൾപ്പെടെ രണ്ടു ചുറ്റുവിളക്കുകൾ സമ്പൂർണ നെയ് വിളക്കായാണ് നടത്തുന്നത്. ഗ്രാമബലി വരെയുള്ള പന്ത്രണ്ട് ദിവസങ്ങളിൽ ശ്രീലകത്തും ചുറ്റിലുമുള്ള എല്ലാ വിളക്കുകളിലും നെയ്ത്തിരിയാണ് തെളിയുക. പൂരം വരെയുള്ള ദിവസങ്ങളിൽ ശാസ്താവിന്റെ തിരുനടയിൽ ഭക്തജനങ്ങൾക്ക് നെയ്യ് സമർപ്പിക്കാനുള്ള സൗകര്യം ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഏർപ്പെടുത്തിയിട്ടുണ്ട്.