വാടാനപ്പിള്ളി : ബാഗിൽ സ്‌നേഹക്കരുതലായി കൊണ്ടുവന്ന ഒരുപിടി പുല്ലും പത്ത് പ്‌ളാവിലയും തിന്ന് മണിക്കുട്ടി വളർന്നു. പന്ത്രണ്ട് തലമുറയോളം. ഇനിയവളുടെ പന്ത്രണ്ടാം തലമുറയിലെ മിന്നൂട്ടി ദേവനന്ദയുടെ സ്‌നേഹത്തണലിൽ പുല്ലും കാടിവെള്ളവും കുടിച്ച് ഓടിക്കളിക്കും. വിദ്യാർത്ഥികളിൽ പ്രകൃതി, സഹജീവി സ്‌നേഹം വളർത്താൻ തൃത്തല്ലൂർ യു.പി സ്‌കൂളിൽ തുടങ്ങിയ 'ജീവൻ, ജീവന്റെ ജീവൻ' പദ്ധതി അങ്ങനെ 17-ാം വർഷത്തിലേക്ക് കടന്നു.
എ.എസ്. ആദിൽ മുബാറക് ജീവന്റെ ജീവനായി വളർത്തിയ മിന്നുവിന്റെ മകൾ മിന്നൂട്ടിയെ ഈ വർഷത്തെ ഗോട്ട് ക്ലബ് അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാലാം ക്ലാസ് വിദ്യാർത്ഥി പി.ആർ. ദേവനന്ദനയ്ക്കാണ് നൽകിയത്. ടി.എൻ. പ്രതാപൻ എം.പി മിന്നൂട്ടിയെ സമ്മാനിച്ചു.
ടി.എൻ. പ്രതാപൻ നാട്ടിക എം.എൽ.എയായിരുന്ന കാലത്ത് സഹപാഠികളായിരുന്ന ഇപ്പോഴത്തെ സീനിയർ വെറ്ററിനറി സർജൻ ഡോ. പി.ഡി. സുരേഷും സമഗ്ര വിദ്യാഭ്യാസ പദ്ധതി കോ- ഓർഡിനേറ്റർ കെ.എസ്. ദീപനും ചേർന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പിന്നീട് പദ്ധതി മാതൃകാ പ്രൊജക്ടായി കേരളം ഏറ്റെടുത്തു. പദ്ധതിയുടെ ഭാഗമായി ഗോട്ട് ക്ലബ്ബിൽ ഇതുവരെ കുട്ടികൾ സ്‌നേഹിച്ചു വളർത്തിയ 55 ആട്ടിൻ കുട്ടികളെ വിതരണം ചെയ്തു. ഇതുകൂടിയാവുമ്പോൾ ആടുകളുടെ എണ്ണം 56 തികഞ്ഞു.
വലപ്പാട് എ.ഇ.ഒ: എം.എ. മറിയം അദ്ധ്യക്ഷയായി. കെ.എസ്. ദീപൻ ആമുഖ പ്രഭാഷണം നടത്തി. എ.എ. ജാഫർ, ഹെഡ്മിസ്ട്രസ് കെ.ജി. റാണി, വി. ഉഷാകുമാരി, അജിത് പ്രേം.പി, പി.വി. ശ്രീജ മൗസമി എന്നിവർ പ്രസംഗിച്ചു.
മാതാപിതാക്കൾ മക്കളെ വളർത്താൻ നടത്തുന്ന ഓട്ടപ്പാച്ചാലിൽ സ്വന്തം മക്കൾക്ക് പോലും സ്നേഹം പകർന്നുനൽകാൻ സമയമില്ലാത്ത കാലത്ത് നമ്മുടെ മക്കൾക്ക് ഈ ഓമനയാടുകൾ അവരറിയാതെ തന്നെ സ്നേഹമൂല്യങ്ങൾ പകർന്നു നൽകുന്നുണ്ട്. അതാണ് ജീവൻ, ജീവന്റെ ജീവൻ കുട്ടികൾക്ക് നൽകുന്ന ജീവിത പാഠം.
- കെ.എസ്. ദീപൻ, (ജീവൻ, ജീവന്റെ ജീവൻ ക്ലബ് സ്ഥാപക കൺവീനർ)