അന്നമനട : കലാഭവൻ ജയനും കണ്ണൻ ശാസ്ത്ര താരവും കലാപ്രകടനവുമായി മുന്നിൽ നിറഞ്ഞാടിയപ്പോൾ അവരുടെ മനസിൽ ആദ്യം കൗതുകമായിരുന്നു, ക്രമേണ ആ കൗതുകം ആഹ്‌ളാദത്തിന് വഴിമാറി. അന്നമനട പഞ്ചായത്തും മാമ്പ്ര എഫ്.എച്ച്.സിയും സംയുക്തമായി അന്നമനട വി.എം. ഹാളിൽ സംഘടിപ്പിച്ച 'അരികെ 'പാലിയേറ്റീവ് രോഗി-ബന്ധു സംഗമത്തിലാണ് വേറിട്ടൊരു അനുഭവമുണ്ടായത്. മാരക രോഗം ബാധിച്ച് കിടപ്പ് രോഗികളായവരുടെ ബന്ധുക്കളാണ് സംഗമത്തിൽ പങ്കെടുത്തത്. സംഗമത്തിലെ കലാപ്രകടനങ്ങൾക്ക് കണ്ട് കിടപ്പ് രോഗികളുടെ കൂട്ടിരിപ്പുകാർ എല്ലാം ദുഃഖവും മറന്ന് പൊട്ടിച്ചിരിക്കാൻ തുടങ്ങി.
കാൻസർ, കിഡ്‌നി രോഗം ബാധിച്ച 530 രോഗികളാണ് പാലിയേറ്റിവ് കെയറിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 130 പേർക്ക് ആഴ്ചയിൽ നാല് ദിവസം വീടുകളിൽ ചെന്ന് പരിചരണം നൽകുന്നുണ്ട്. രോഗികൾക്കാവശ്യമായ വാട്ടർ എയർ ബെഡ്, വീൽചെയർ, വാക്കർ, ആവശ്യത്തിനുള്ള മരുന്ന് എന്നിവയും പാലിയേറ്റീവ് കെയറിന്റെ ഭാഗമായി നൽകുന്നുണ്ട്. ഹോംകെയറിന് നഴ്‌സിനൊപ്പം അലോപ്പതി, ആയുർവേദ, ഹോമിയോപ്പതി ഡോക്ടറുടെ സേവനവും ലഭ്യമാക്കുന്നു. രോഗീ പരിചരണത്തിന് വളണ്ടിയർമാർക്ക് ആവശ്യമായ പരിശീലനവും നൽകുന്നുണ്ട്. പാലിയേറ്റിവ് കെയറിനായി വർഷംതോറും 20 ലക്ഷം രൂപയോളം പഞ്ചായത്ത് ചെലവഴിക്കുന്നത്.
രോഗി-ബന്ധു സംഗമം അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിന്ധു ജയൻ അദ്ധ്യക്ഷയായി. ടി.കെ. സതീശൻ, കെ.എ. ഇഖ്ബാൽ, ടി.വി. സുരേഷ് കുമാർ, കെ.എ. ബൈജു, മഞ്ജു സതീശൻ, കെ.കെ. രവി നമ്പൂതിരി, ടെസി ടൈറ്റസ് എന്നിവർ പങ്കെടുത്തു.