1

ലീഡർ കെ.കരുണാകരന്റെ മകൾ പത്മജ ബി.ജെ.പിയിൽ ചേർന്നതോടെ തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ രാഷ്ട്രീയരംഗം ആകെ ചൂടുപിടിച്ച നിലയിലാണ്. പത്മജ ഫാക്ടറിനെ വരുതിയിലാക്കാൻ കോൺഗ്രസ് സഹോദരൻ കെ.മുരളീധരനെ രംഗത്തിറക്കിയതോടെ പ്രത്യേകിച്ചും. പത്മജയെ പ്രചാരണത്തിനിറക്കി വോട്ട് പിടിക്കുമെന്ന് ബി.ജെ.പിയും പത്മജ പോയത് ഏശില്ലെന്ന് കോൺഗ്രസും പറയുന്നു. യു.ഡി.എഫിനെ പ്രഹരിക്കാനുള്ള ആയുധമാക്കി ഈ സാഹചര്യത്തെ എൽ.ഡി.എഫും ഉപയോഗിക്കുന്നു. ഈ സാഹചര്യത്തിൽ യു.ഡി.എഫ് ചെയർമാൻ എം.പി.വിൻസെന്റ് ലീഡേഴ്‌സ് ടോക്കിൽ.

പത്മജ ഫാക്ടർ ?

അതൊരു ഫാക്ടറേ അല്ല. അവർ ബി.ജെ.പിയിൽ പോയത് ആരും കണക്കിലെടുത്തിട്ടില്ല. അതേപ്പറ്റി പറയുന്നില്ലെന്നാണ് കരുതിയത്. ഓരോ സമയത്ത് ഓരോന്നാണ് പറയുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ അവരെ കോൺഗ്രസ് എ വിഭാഗം തോൽപ്പിച്ചെന്ന് ആദ്യം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ പറഞ്ഞത് തേറമ്പിലും മറ്റും തോൽപ്പിച്ചെന്നാണ്. പിന്നീട് തോൽപ്പിച്ചത് പ്രതാപനും ഞാനുമൊക്കെയായി.

പത്മജയുടെ തോൽവിക്ക് പിന്നിൽ?

അതിന് മുരളീധരൻ തന്നെ കഴിഞ്ഞദിവസം മറുപടി കൊടുത്തു. മുപ്പത് വർഷം തേറമ്പിൽ ജയിച്ച സ്ഥലമാണ് തൃശൂർ. മുകുന്ദപുരത്തും കോൺഗ്രസ് മികച്ച വിജയം നേടിയിട്ടുണ്ട്. ഷുവർ സീറ്റാണ് പത്മജയ്ക്ക് കൊടുത്തത്. എന്നിട്ടും തോറ്റതിന് ആരാണ് ഉത്തരവാദിയെന്നാണ് മുരളീധരൻ ചോദിച്ചത്. പത്മജ പറയുന്നത് ബാലിശമായ കാര്യങ്ങളാണ്.

പ്രധാന വിഷയം?

ഇന്ത്യയുടെ നിലനിൽപ്പാണ് പ്രധാന വിഷയം. ഭരണഘടന മാറ്റുന്നു. നോട്ടിലെ ഗാന്ധിയെ മാറ്റുന്നു. മതേതരത്വമെന്ന ഭരണഘടനയുടെ അടിസ്ഥാനശിലയെ എടുത്തുകളയാൻ പോകുന്നു. നാനാത്വത്തിൽ ഏകത്വത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവച്ചതിന് പിന്നിൽ സമ്മർദ്ദമാണ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ പറ്റാത്ത സാഹചര്യമാണ്. കമ്മിഷന്റെ പ്രവർത്തനം സ്തംഭിച്ച മട്ടാണ്. കമ്മിഷന് സ്വാതന്ത്ര്യമില്ല. ഭീതി ജനിപ്പിക്കുന്ന അവസ്ഥയാണിത്. സംസ്ഥാനമാകട്ടെ കടക്കെണിയിലാണ്. പാർട്ടിക്ക് പുറത്തുള്ളവരുടെ നാവും കൈയും വെട്ടുന്നു. റേഷനില്ല. സിവിൽ സപ്ളൈസിൽ സാധനങ്ങളില്ല. പെൻഷനില്ല...

സുരേഷ്‌ഗോപി?

ആ ഫാക്ടറൊക്കെ പോയി. നടനെന്ന നിലയിൽ കുറച്ച് വോട്ട് കിട്ടിയിരുന്നു. കഴിഞ്ഞ തവണ പേടിപ്പിക്കാൻ പറ്റുന്ന അവസ്ഥയുണ്ടായി. ഇത്തവണ അതുമില്ല.

പ്രതാപൻ ഒന്നും ചെയ്തില്ലെന്ന്?

റെയിൽവെ, ടെലി കമ്മ്യൂണിക്കേഷൻ രംഗത്ത് ഉൾപ്പെടെ ധാരാളം കാര്യങ്ങൾ ചെയ്തു. കൊവിഡായിരുന്നപ്പോൾ രണ്ട് വർഷത്തെ എം.പി ഫണ്ട് കേന്ദ്രം കൊടുത്തില്ല.