ഇരിങ്ങാലക്കുട : ഠാണ- ചന്തക്കുന്ന് ജംഗ്ഷൻ വികസനം യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. ജംഗ്ഷൻ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ നഷ്ടപ്രതിഫലത്തുക നൽകിത്തുടങ്ങി. അവാർഡ് വിതരണവും പുരധിവാസ പാക്കേജ് വിതരണവും മുകുന്ദപുരം താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. മന്ത്രി നിർവഹിച്ചു. പുനരധിവാസ പാക്കേജിൽ ഉൾപ്പെട്ട 18 പേർക്കും ആർ.ആർ പാക്കേജിൽ ഉൾപ്പെട്ട 15 പേർക്കുമാണ് നഷ്ടപരിഹാരത്തുകയുടെ അവാർഡ് നൽകിയത്. ചടങ്ങിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അദ്ധ്യക്ഷയായി. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ എസ്. ഹരീഷ്, ഇരിങ്ങാലക്കുട ആർ.ഡി.ഒ: എം.കെ. ഷാജി, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ പി.വി. ബിജി, ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ അമൃതവല്ലി, എൽ.എ ജനറൽ തഹസിൽദാർ ടി. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

33 പേർക്കായി തുക നാലുകോടിയിലേറെ
പുനരധിവാസ പാക്കേജിൽ ഉൾപ്പെട്ട 18 പേർക്കും ആർ.ആർ പാക്കേജിൽ ഉൾപ്പെട്ട 15 പേർക്കുമാണ് നഷ്ടപരിഹാരത്തുക നൽകാൻ നിശ്ചയിച്ചത്. അങ്ങനെ 33 പേർക്കായി നാല് കോടി 57 ലക്ഷത്തി 65 ആയിരത്തി 564 രൂപ (4,57,65,564) യാണ് നഷ്ടപരിഹാരത്തുകയായി കണക്കാക്കിയിട്ടുള്ളത്. ഗുണഭോക്താക്കൾക്ക് ട്രഷറിയിൽ നിന്ന് തുക അവരുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് കൈമാറുന്നത്.

സുഗമമായി ഭൂമി ഏറ്റെടുക്കൽ നടപടികളും നഷ്ടപരിഹാര വിതരണവും പൂർത്തിയാകുന്നതോടെ ഠാണ-ചന്തക്കുന്ന് ജംഗ്ഷൻ വികസനം അതിവേഗം യാഥാർത്ഥ്യമാകും.

-ഡോ. ആർ. ബിന്ദു
(ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി)