കൊടുങ്ങല്ലൂർ : പാർക്കിംഗ് സൗകര്യമില്ലാതെ ശ്വാസം മുട്ടി ഞെരുങ്ങുകയാണ് കൊടുങ്ങല്ലൂർ നഗരം. അതേസമയം അനധികൃത പാർക്കിംഗ് മൂലം ഗതാഗത കുരുക്കും പതിവാണ്. നിയന്ത്രിക്കാൻ പൊലീസുമില്ലാത്തത് ഗതാഗത കുരുക്കിന് വഴിവയ്ക്കുന്നു. നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായെത്തുന്നവർ വാഹനം എവിടെ പാർക്ക് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്. ചെറുതും വലതുമായ നൂറുകണക്കിന് വാഹനങ്ങളാണ് നഗരത്തിലൂടെ ദിവസവും സഞ്ചരിക്കുന്നത്. ബൈപാസിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഏറെയും വാഹനങ്ങൾ നഗരത്തിലൂടെയാണ് കടന്നു പോകുന്നത്. ചന്തപ്പുര സ്വകാര്യ ബസ് സ്റ്റാൻഡിന്റെ കിഴക്കേ റോഡിൽ വാഹനങ്ങൾ അനധികൃത പാർക്കിംഗ് നടത്തുന്നത് എപ്പോഴും ഗതാഗതക്കുരുക്കുണ്ടാക്കുന്നു. ഇതുമൂലം വടക്കെനട വഴി പോകേണ്ട ബസുകൾ ബസ് സ്റ്റാൻഡിൽ നിന്നും പ്രധാന റോഡിലേക്ക് കടക്കാൻ പ്രയാസപ്പെടുകയാണ്. വാഹനങ്ങൾ പാതയോരത്തും റോഡിലും നിറുത്തിയിടുന്നതാണ് യാത്രാതടസമുണ്ടാക്കുന്നത്. നോ പാർക്കിംഗ് ബോർഡുകളും പാർക്കിംഗ് ബോർഡുകളും പലയിടത്തും കാണാറില്ല. ചിലർ രാവിലെ വാഹനങ്ങൾ നഗരത്തിൽ പാർക്ക് ചെയ്താണ് ജോലിക്ക് പോകുന്നത്. നഗരത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളെ നിയന്ത്രിക്കാനും സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താനും പൊലീസും മെനക്കടാറില്ല. ട്രാഫിക് അതോറിറ്റി ഇടയ്ക്കിടെ യോഗം ചേരുന്നുണ്ടെങ്കിലും ഇവരുടെ ഭാഗത്തുനിന്നും കാര്യക്ഷമായ നിർദ്ദേശങ്ങളും തീരുമാനങ്ങളും ഉണ്ടാകാറില്ലെന്ന് പറയപ്പെടുന്നു. അനധികൃതപാർക്കിംഗും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ പൊലീസ് രംഗത്തുവരണമെന്നാണ് ഉയരുന്ന ആവശ്യം.