തൃശൂർ: കേന്ദ്ര, സംസ്ഥാന സർക്കാർ നയങ്ങളും ജാതി, വർഗീയ ചിന്തകളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച് മുന്നണികൾ. സമകാലിക വിഷയങ്ങളാണ് തൃശൂരിൽ പ്രധാനമായും ചർച്ചയാകുന്നത്. അതേസമയം, പത്മജ ബി.ജെ.പിയിൽ ചേർന്നതിനെപ്പറ്റിയുള്ള ആരോപണ പ്രത്യാരോപണങ്ങൾ കോൺഗ്രസിൽ ഉൾപ്പെടെ കെട്ടടങ്ങിയിട്ടില്ല.
പത്മജയെ സംസ്ഥാനത്ത്, പ്രത്യേകിച്ചും തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനാണ് ബി.ജെ.പി നീക്കം. പ്രചാരണത്തിന് ഉപയോഗിക്കില്ലെന്ന അഭ്യൂഹങ്ങൾ സുരേഷ് ഗോപി തള്ളി. കോൺഗ്രസിലെ മുൻകാല സംഭവങ്ങൾ ഉൾപ്പെടെ പത്മജ പറഞ്ഞുതുടങ്ങിയത് യു.ഡി.എഫിന് തലവേദനയായിട്ടുണ്ട്. നിയമഭസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ സ്ഥാനാർത്ഥിയായിരുന്ന തന്നെ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ വാഹത്തനിൽ കയറ്റാമെന്നു പറഞ്ഞ് മുൻ ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് 22 ലക്ഷം വാങ്ങിയെന്നതാണ് ഒടുവിലത്തെ ആരോപണം. ഇത് നുണയായണെന്ന് വിൻസെന്റ് പ്രതികരിച്ചു. ഒരു കാറിൽ കയറാൻ ലക്ഷങ്ങൾ കൊടുക്കാൻ പത്മജ മണ്ടിയാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ആര് വാഹനത്തിൽ കയണമെന്ന് തീരുമാനിക്കുന്നത് പ്രിയങ്കയുടെ സുരക്ഷാ ഉദ്യോഗസ്ഥരും മറ്റുമാണ്. വാഹനത്തിൽ പോകേണ്ടവരുടെ ലിസ്റ്റ് കൊടുത്തത് പത്മജ വൈസ് പ്രസിഡന്റായിരുന്ന കെ.പി.സി.സിയാണ്. സ്ഥലമില്ലാത്തതിനാൽ തനിക്ക് കയറാനായില്ല. ഡ്രൈവറും പ്രിയങ്കയും മുൻസീറ്റിലിരുന്നു. അതിന് പിന്നിൽ മൂന്നാൾക്ക് ഇരിക്കാവുന്ന സീറ്റിൽ നാലുപേരുണ്ടായിരുന്നു. രണ്ട് സെക്യൂരിറ്റി ജീവനക്കാരും ടി.എൻ. പ്രതാപനും ദ്വിഭാഷിയുമുണ്ടായിരുന്നു. അതിന്റെ പിന്നിൽ ലഗേജായിരുന്നു. നാണക്കേട് ഓർത്താണ് തന്നെ കയറ്റിയില്ലെന്ന് പറയാതിരുന്നതെന്നും വിൻസെന്റ് പറഞ്ഞു.
മുന്നണികൾ പറയുന്നത്
എൽ.ഡി.എഫ്
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ് ബി.ജെ.പി ശ്രമം. ഇതിന് ആർ.എസ്.എസ് പിന്തുണയുണ്ട്. രാജ്യത്തിന്റെ മതേതരത്വത്തെ ഇല്ലാതാക്കുന്ന സാഹചാര്യം ഒഴിവാക്കാൻ ഇടതുപ്രതിനിധികൾ പാർലമെന്റിലെത്തണം. കേരളത്തിന് അർഹമായ തുക കേന്ദ്രം നൽകാത്തത് ഉൾപ്പെടെയുളള പ്രശ്‌നങ്ങളുമുണ്ട്.
യു.ഡി.എഫ്
കേന്ദ്ര, കേരള സർക്കാരുകൾ ജനവിരുദ്ധ പ്രവർത്തനം നടത്തുന്നു. സംസ്ഥാനത്ത് പെൻഷൻ ഉൾപ്പെടെ ക്ഷേമപ്രവർത്തനം മുടങ്ങുന്നു. പൊതുവിതരണം സംവിധാനം തകർന്നത് ഉൾപ്പെടെ നൂറു കണക്കിന് വിഷയങ്ങളുണ്ട്. നോട്ടുകളിൽ ഗാന്ധി ചിത്രം പിൻവലിക്കുന്നത് ഉൾപ്പെടെ മതേതരത്വത്തെ കേന്ദ്രസർക്കാർ തകർക്കുന്നു.
എൻ.ഡി. എ
കാർഷിക സർവകലാശാലയെ ഉൾപ്പെടെ എൽ.ഡി.എഫിൽ നിന്ന് രക്ഷിച്ച് ലോകോത്തര നിലവാരത്തിലെത്തിക്കണം. സുരേഷ് ഗോപി ജയിച്ചാൽ കേന്ദ്രമന്ത്രിയാകും. തൃശൂർ മോഡൽ വികസനം കൊണ്ടുവരും. പ്രധാനമന്ത്രിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുള്ളതിനാൽ തൃശൂരിന് പ്രത്യേക പരിഗണനയുണ്ടാകും. പത്മജയിലൂടെ കൂടുതൽ വോട്ട് പിടിക്കും.