janil

ചേലക്കര: 'സ്കൂൾ ബാഗിലാക്കി രാവിലെ കൊടുത്തുവിടുന്ന വെള്ളം ഒരുതുള്ളി കുടിക്കാതെ തിരികെയെത്തിക്കും, പിന്നെന്തിനാണ് ചുമക്കാനായി മാത്രം ഈ വാട്ടർ ബോട്ടിൽ...?' എന്നും പരാതിയാണ് അമ്മമാർക്ക്. കൊടുംവേനലിനെയും വകവയ്ക്കാതെ സ്കൂൾ മുറ്റത്തും ഗ്രൗണ്ടിലും കളിച്ച് വൈകിട്ടാകുമ്പോൾ കുട്ടികൾക്ക് മൂത്രാശയ രോഗങ്ങളും ക്ഷീണവും ഉത്സാഹമില്ലായ്മയും.

വേനൽക്കാല പ്രശ്നങ്ങളൊക്കെ മറികടക്കാൻ പങ്ങാരപ്പിള്ളി സെന്റ് തെരേസിറ്റാസ് സ്കൂളിലെ കായിക അദ്ധ്യാപകൻ ജെനിൽ ജോൺ ഒരു പദ്ധതിയിട്ടു. പിരീയഡിനുള്ള ബെൽ കൂടാതെ രാവിലെയും ഉച്ചയ്ക്കുശേഷവുമുള്ള ഇടവേളകൾക്ക് മുൻപേ ഓരോ മണി മുഴങ്ങും, 'വാട്ടർ ബെൽ!'. മണിയൊച്ച കേട്ടാൽ വെള്ളക്കുപ്പിയെടുക്കണം, കുടിക്കണം. നിർജലീകരണവും വേനൽക്കാലപ്രശ്നങ്ങളും ഇതോടെ പമ്പ കടന്നു.

2016 ചേലക്കരയിലെ പങ്ങാരപ്പിള്ളിയിൽ നടപ്പാക്കിയ വാട്ടർ ബെൽ പദ്ധതി സംസ്ഥാനമൊട്ടാകെ നടപ്പാക്കിയതിന്റെ സന്തോഷത്തിലാണ് ഈ പി.ടി മാഷ്. 2016ലാണ് സെന്റ് തെരേസിറ്റാസ് സ്കൂളിൽ വാട്ടർ ബെൽ നടപ്പാക്കിയത്. മാതൃകാപരമായ പ്രവർത്തനം ദേശീയ മാദ്ധ്യമങ്ങളിൽ വരെ വാർത്തയായതിനെത്തുടർന്ന് കർണാടക, ഗോവ, തമിഴ്നാട്, പോണ്ടിച്ചേരി, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ നടപ്പാക്കി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേരളവും പദ്ധതി നടപ്പാക്കിയത്. ഏഴോളം സംസ്ഥാനങ്ങളിൽ വാട്ടർ ബെൽ പദ്ധതി നടപ്പാക്കിയതോടെ ചേലക്കരയെന്ന ഗ്രാമത്തിന്റെ പദ്ധതി രാജ്യമൊട്ടാകെ ഹിറ്റായതിന്റെ സന്തോഷത്തിലാണ് ഇരിങ്ങാലക്കുട കിഴക്കെവീട്ടിൽ ജെനിൽ ജോണും മറ്റ് അദ്ധ്യാപകരും വിദ്യാർത്ഥികളും.

ബോധവത്കരണത്തിലൂടെയും മറ്റും കുട്ടികളെ വെള്ളം കുടിപ്പിക്കാൻ നോക്കിയെങ്കിലും നടന്നില്ല. പിന്നീടാണ് വാട്ടർ ബെൽ എന്ന ആശയം ഉദിച്ചത്. ഇത് വിജയമാകുക മാത്രമല്ല, മറ്റ് സംസ്ഥാനങ്ങൾ വരെ പകർത്തിയതിൽ സന്തോഷം.

- ജെനിൽ ജോൺ