എം.എൽ.റോസിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബി.ജെ.പിയും നടുത്തളത്തിൽ
തൃശൂർ: കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് ഓംബുഡ്‌സ്മാൻ കുറ്റക്കാരിയായി കണ്ടെത്തിയ ഡെപ്യൂട്ടി മേയർ എം.എൽ.റോസിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. അരമണിക്കൂറോളം റോസിയെ തടഞ്ഞുവെച്ചു. മുദ്രാവാക്യം വിളിക്കിടെ ഭരണപക്ഷത്ത് നിന്നുള്ള വനിത കൗൺസിലർമാരെത്തിയാണ് റോസിയെ പുറത്തേക്ക് കൊണ്ടുപോയത്. ബഹളത്തെ തുടർന്ന് മേയർ യോഗം പിരിച്ചുവിട്ടു.
കോൺഗ്രസ് - ബി.ജെ.പി കൗൺസിലർമാർ മുഴുവനും മേയർക്കെതിരെയും ഡെപ്യൂട്ടി മേയർക്കെതിരെയും പ്രതിഷേധവുമായെത്തി. കൗൺസിൽ യോഗം തുടങ്ങിയ ഉടൻ പ്രതിപക്ഷം വിഷയമെടുത്തിട്ടു. ലോറിയിലെ കുടിവെള്ള വിതരണത്തിന് ഒരു കോടിയുടെ നഷ്ടമുണ്ടായെന്നാണ് ഓംബുഡ്‌സ്മാൻ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് റോസിയെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയിരുന്നു. മേയറെയും എം.എൽ.റോസിയെയും പ്രതിപക്ഷം തടഞ്ഞില്ലെന്നതിനാൽ സംഘർഷമൊഴിവായി. കോൺഗ്രസ്, ബി.ജെ.പി ഉൾപ്പെട്ട പ്രതിപക്ഷം പ്ലക്കാർഡുമായാണെത്തിയത്. ഡെപ്യൂട്ടി മേയർ എം.എൽ.റോസി രാജിവെച്ച് കൗൺസിൽ ഹാളിൽ നിന്ന് പുറത്തു പോകണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലനും ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ വിനോദ് പൊള്ളാഞ്ചേരിയും ആവശ്യപ്പെട്ടു. ജോൺ ഡാനിയേലും ലാലി ജയിംസും സംസാരിച്ചു.
രാജി വച്ചാൽ ഭരണം പോകും
ഓംബുഡ്‌സ്മാൻ വിധി എതിരായാൽ ഭരണനേതൃത്വത്തിലിരിക്കുന്നവർ രാജി വയ്ക്കുകയാണ് പതിവ്. അതേസമയം കോർപ്പറേഷൻ കൗൺസിലിൽ ഭൂരിപക്ഷമില്ലാത്ത ഭരണപക്ഷം റോസിയോട് തത്കാലം രാജി വയ്‌ക്കേണ്ടതില്ല എന്ന് നിർദ്ദേശിച്ചെന്നാണറിവ്. മുൻമേയർ അജിത ജയരാജൻ (സി.പി.എം), എം.എൽ.റോസി എന്നിവർ 35 ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നാണ് ഓംബുഡ്‌സ്മാൻ ആവശ്യപ്പെട്ടത്. മുൻ സെക്രട്ടറി കെ.എം.ബഷീറും 35 ലക്ഷം രൂപ കെട്ടിവെക്കണം.
കരാർ ഇങ്ങനെ
ആയിരം ലിറ്ററിന് 99 രൂപ നിരക്കിൽ വിതരണം ചെയ്യാമെന്നറിയിച്ച എ.രതീഷിന് കരാർ നൽകാൻ സ്റ്റാൻഡിംഗ് കമ്മിറ്റി തീരുമാനിച്ചു. എന്നാൽ 147 രൂപ ക്വാട്ട് ചെയ്തയാൾക്കാണ് കരാർ നൽകിയത്. ഇത് ക്രമവിരുദ്ധമാണെന്നും ഇതിലൂടെ കോർപ്പറേഷന് നഷ്ടമുണ്ടായെന്നാണ് ജ: പി.എസ്.ഗോപിനാഥന്റെ നിരീക്ഷണം. നിലവിലെ കരാറുകാരന് കൗൺസിൽ അറിയാതെ കരാർ നീട്ടി നൽകുകയും ചെയ്തു. തീരുമാനത്തിലെത്തി ചേർന്നതിന്റെ മിനിറ്റ്‌സോ മറ്റ് രേഖകളോ ഹാജരാക്കിയതുമില്ല. പറവട്ടാനി സ്വദേശി കെ.ഡി.മാത്യുവാണ് ഓംബുഡ്‌സ്മാനെ സമീപിച്ചത്.
കുപ്രചരണമെന്ന് മേയർ
സമരം ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന ചില കോൺഗ്രസ് കൗൺസിലർമാരും ഈ തീരുമാനത്തിൽ പങ്കാളികളാണെന്ന് മേയർ എം.കെ.വർഗീസ് പ്രസ്താവനയിൽ പറഞ്ഞു. ഈ കൗൺസിൽ തീരുമാനം 2016-17ലെ പെർഫോർമൻസ് ഓഡിറ്റ്, ലോക്കൽ ഫണ്ട് ഓഡിറ്റ്, ഏജീസ് ഓഡിറ്റ് എന്നീ പരിശോധനകൾക്ക് വിധേയമായിട്ടുള്ളതാണ്. അതിൽ തെറ്റായ ഒരു പരാമർശവും ഇതുസംബന്ധിച്ച് വന്നിട്ടില്ല. എന്നാൽ ഓംബുഡ്‌സ്മാൻ തീർപ്പായി പറയുന്ന അദ്ദേഹത്തിന്റെ കണ്ടെത്തലിൽ കുറവ് രേഖപ്പെടുത്തിയ കരാറുകാരൻ വെള്ളം വിതരണം നടത്തിയിരുന്നെങ്കിൽ നഷ്ടമുണ്ടാകുമായിരുന്നില്ലെന്നാണ് പരാമർശിച്ചിട്ടുള്ളതെന്നും മേയർ പറഞ്ഞു.