പാവറട്ടി: നാലുവർഷം മുമ്പ് പൊട്ടിപ്പൊളിഞ്ഞ ചൂനാമന ജംഗ്ഷൻ മുതൽ തൊയക്കാവ് സെന്റർ വരെയുള്ള റോഡ് പുനർനിർമ്മാണം കഴിഞ്ഞിട്ടും ബസുകൾ സർവീസ് നടത്താത്തത് വെങ്കിടങ്ങ് പഞ്ചായത്തിലെ തൊയക്കാവ് ഗ്രാമവാസികളെ ദുരിതത്തിലാക്കുന്നു. മണലൂർ എം.എൽ.എ.മുരളി പെരുനെല്ലിയുടെ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തി റീ ടാറിംഗ് പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കിയത്.
ഈ റോഡിലെ ഏകദേശം 2 കി.മീ. ദൂരം ഗതാഗതയോഗ്യമല്ലാത്തതിനെത്തുടർന്ന് ബസുകൾ നാല് വർഷം മുമ്പ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. തൊയക്കാവ് നിവാസികൾക്ക് നഗരത്തിൽ എത്തിചേരാൻ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ല. വിദ്യാർത്ഥികളും ജീവനക്കാരും തൊഴിലാളികളും നഗരത്തിൽ എത്തിച്ചേരാൻ ഏറെ ബുദ്ധിമുട്ടുകയാണ്. നിർത്തിവച്ച ബസ് സർവീസുകൾ പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തൊയക്കാവിൽ നിന്ന് തൃശൂർ, പുതു പൊന്നാനി, കേച്ചേരി,വടക്കാഞ്ചേരി, കാടാമ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ് സർവീസുകൾ നടത്തിയിരുന്നു.
നിർത്തിവച്ച ബസ് സർവീസുകൾ വീണ്ടും ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനും വെങ്കിടങ്ങ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ കെ.വി. മനോഹരൻ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.