കൊടുങ്ങല്ലൂർ : തീരദേശ മേഖലയായ എറിയാട് പഞ്ചായത്തിൽ വേനൽ കനത്തതോടെ കുടിവെള്ളം കിട്ടാക്കനിയായി. പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം. ജല അതോറിറ്റിയുടെ പൈപ്പ് വഴിയെത്തുന്ന വെള്ളമാണ് ഇവിടത്തുകാരുടെ പ്രധാന ആശ്രയം. ആ വെള്ളം കൊണ്ടുവേണം വീടുകളിലെ പ്രാഥമിക കൃത്യങ്ങളുൾപ്പടെ നിർവഹിക്കാൻ. കിണറുകളും കുളങ്ങളും ഉണ്ടെങ്കിലും വേനലിന്റെ ആരംഭത്തിലെ അതെല്ലാം വറ്റിവരളും. വേനൽ കനത്തതോടെ പൈപ്പ് വഴിയുള്ള ജല അതോറിറ്റി വെള്ളം ലഭിക്കുന്നത് ദിവസങ്ങൾ കൂടുമ്പോൾ മാത്രമാണ്. ഇതോടെ കുടിക്കാൻ പോയിട്ട് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും കഴിയാതെ ഇവിടത്തുകാർ ദുരിതത്തിലാണ്. കിണറുകളിലെയും കുളങ്ങളിലെയും വെള്ളം വറ്റിയത് മൂലം വീട്ടിലെ ആവശ്യങ്ങൾ പോലും നടത്താനുമാകുന്നില്ല. ജല അതോറിറ്റി പൈപ്പുകളിലൂടെ വെള്ളം കൃത്യമായി ലഭ്യമാക്കുകയും പഞ്ചായത്ത് ടാങ്കർ വഴി വീടുകളിലേക്ക് കുടിവെള്ളമെത്തിക്കുകയും ചെയ്താൽ ഒരുപരിധി വരെ ഇവിടുത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും.
അതേസമയം ജല അതോറിറ്റി പൈപ്പുകൾ വഴി രാവിലെ മുതൽ വെള്ളം ലഭ്യമാകുന്നുണ്ടെന്നും ദൂരം കൂടുതലുള്ള വീടുകളിൽ വെള്ളമെത്താൻ താമസിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കുടിവെള്ളം ലഭിക്കാതിരിക്കുന്നില്ലെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം. എന്നാൽ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാൻ അധികൃതർക്ക് സാധിക്കുന്നില്ലെന്നും കുടിവെള്ള വിതരണത്തിൽ അനാസ്ഥയുണ്ടെന്നും അത് അടിയന്തരമായി പരിഹരിക്കണമെന്നും എറിയാട് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ടി.കെ. നസീർ അദ്ധ്യക്ഷനായി. ടി.എം. കുഞ്ഞുമൊയ്തീൻ, ഇ.കെ. ദാസൻ, കെ.പി. സദാശിവൻ, കെ.എ. നസീർ, സി.ബി. ജമാൽ, പി.എം. ബാബുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.

കുടിവെള്ള വിതരണത്തിൽ പഞ്ചായത്തിന്റെ വീഴ്ച പ്രകടമാണ്. അടിയന്തരമായി ജല അതോറിറ്റിയുടെയും പഞ്ചാത്തിന്റെയും നേതൃത്വത്തിൽ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും വീടുകളിൽ കുടിവെള്ളം വിതരണം ചെയ്യണം.
- കോൺഗ്രസ്

600 ഓളം കുടിവെള്ള കണക്്ഷനുകളാണ് ഇവിടുള്ളത്. രാവിലെ മുതൽ ജല അതോറിറ്റി പൈപ്പുകൾ വഴി വെള്ളം വരുന്നുണ്ട്. ദൂരം കൂടുതലുള്ള വീടുകളിൽ വെള്ളമെത്താൻ വൈകുന്നേരമാകും. എന്നാൽ എവിടെയും വെള്ളം കിട്ടാതിരിക്കുന്നില്ല.
-സാറാബി ഉമ്മർ
(വാർഡ് മെമ്പർ).