തൃശൂർ: ഹരിതകർമ്മ സേനയുടെ സേവനം ആവശ്യമുള്ളവരിൽ നിന്നുമാത്രം യൂസർ ഫീസ് ഈടാക്കിയും ഓൺലൈൻ വഴി ലൈസൻസ് പുതുക്കുമ്പോൾ നേരിടുന്ന സാങ്കേതിക പ്രയാസങ്ങൾ പരിഹരിക്കുന്നതിന് അനുഭാവപൂർവമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി എം.ബി. രാജേഷ്.
ലൈസൻസ് സമയപരിധി ദീർഘിപ്പിച്ചും കെട്ടിട നികുതി അടക്കുന്ന ഉത്തരവാദിത്വം വ്യാപാരികളിൽ അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ചും പരിശോധിച്ച് ചെറുകിട വ്യാപാരികളെ സംരക്ഷിക്കാനുള്ള നടപടി കൈക്കൊള്ളാമെന്നും മന്ത്രി ഉറപ്പ് നൽകി.
തൃശൂർ രാമനിലയത്തിൽ മന്ത്രിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ഭാരവാഹികൾ വ്യാപാരികളുടെ ലൈസൻസ് പുതുക്കുന്നത് സംബന്ധിച്ച വിഷയങ്ങൾ പരിഹരിക്കാൻ ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാവുഹാജി, ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രഷറർ ദേവരാജൻ, വൈസ് പ്രസിഡന്റുമാരായ എം.കെ. തോമസ് കുട്ടി, കെ.വി. അബ്ദുൾ ഹമീദ്, പി.സി. ജേക്കബ്, സെക്രട്ടറി ബാബു കോട്ടയിൽ, സബിൽരാജ് തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.