മാള: നെയ്തക്കുടി, പരനാട്ടുകുന്ന് പ്രദേശങ്ങളിലെ പൊക്കാളി പാടശേഖരത്തിൽ സ്വകാര്യ ഫാം ഉടമകൾ നടത്തുന്ന ആഴത്തിലുള്ള ചെളി മാറ്റൽ പ്രവൃത്തി നിറുത്തിവയ്ക്കണമെന്നും പ്രദേശത്തെ ഉപ്പ് വെള്ള ഭീഷണിയിൽ നിന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മാള പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി. ഓർപ്പുഴയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ മത്സ്യക്കൃഷിയുടെ പേരിലാണ് സ്വകാര്യ ഫാം ഉടമകൾ ആഴത്തിലുള്ള ചെളിമാറ്റൽ നടത്തുന്നത്. മാള മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എ. അഷറഫ് ഉദ്ഘാടനം ചെയ്തു. ജനകീയസമിതി പ്രസിഡന്റ് സോയ് കോലഞ്ചേരി അദ്ധ്യക്ഷനായി. എ.ഐ.വൈ.എഫ് മാള മണ്ഡലം സെക്രട്ടറി വി.എസ്. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഒ.ജെ. ജനീഷ്, കെ.പി. രാജീവ്, അബ്ദുൾ ഖാദർ, ജോയ് മണ്ടകത്ത്, എൻ.എസ്. പ്രകാശൻ, ദിലീപ് പരമേശ്വരൻ, ശോഭന ഗോകുൽനാഥ് എന്നിവർ പ്രസംഗിച്ചു. മാള പള്ളി കോംപ്ലക്‌സിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകൾ പങ്കെടുത്തു.