കുന്നംകുളം: ഒരു നൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള കുന്നംകുളം താലൂക്ക് ആശുപത്രി മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. സർക്കാർ ആശുപത്രികൾ ജനസൗഹൃദവും, രോഗീ സൗഹൃദവുമാകണമെന്ന ഇടതു സർക്കാരിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികളിൽ ഈ രീതിയിലുള്ള വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വീണ ജോർജ് പറഞ്ഞു. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് അവരുടെ രോഗത്തിന്റെ വേദനയിലും ആശ്വാസം പകരാൻ കഴിയുകയും ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും സംതൃപ്തിയോടെ ജോലി ചെയ്യാൻ കഴിയുകയും ചെയ്യുന്ന സാഹചര്യമാണ് ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കിഫ്ബി ഫണ്ടിൽ നിന്നും 64.5 കോടി രൂപ വിനിയോഗിച്ചാണ് താലൂക്ക് ആശുപത്രി മൾട്ടി സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്തുന്നത്. എ.സി.മൊയ്തീൻ എം.എൽ.എ മന്ത്രിയായിരിക്കെ പ്രത്യേക താല്പര്യമെടുത്താണ് കാലപ്പഴം ചെന്ന ആശുപത്രിയിൽ അടിസ്ഥാന സൗകര്യം ഒരുക്കാനും പുതിയ കെട്ടിടം നിർമ്മിക്കാനും തുക ലഭ്യമാക്കിയത്. കുന്നംകുളം എം.എൽ.എ എ.സി.മൊയ്തീൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ.രാധാകൃഷ്ണൻ മുഖ്യാതിഥിയായി. മുരളി പെരുനെല്ലി എം.എൽ.എ, ആരോഗ്യവകുപ്പ് ഡയറക്ടർ കെ.ജെ.റീന, സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മിഷൻ അംഗം ടി.കെ.വാസു, ആൻസി വില്യംസ്, നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
പൗരാണികതയിൽ നിന്ന് ആധുനികതയിലേക്ക്
ആശുപത്രി ആരംഭിച്ചത് 1888ൽ
ഏഴ് നില
1.55 ലക്ഷം ചതുരശ്ര അടി വിസ്തീർണം