കുഴിക്കാട്ടുശ്ശേരി: ഗ്രാമികയും ആളൂർ പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന ദേശക്കാഴ്ച 2024 കലാ, സാംസ്‌കാരികോത്സവത്തിന്റെ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. ഏപ്രിൽ അവസാനവും മേയ് ആദ്യവുമായി രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ദേശക്കാഴ്ചയുടെ ഭാഗമായി നാടകോത്സവം, നൃത്തോത്സവം, സംഗീതോത്സവം, വാദ്യോത്സവം, പൈതൃകോത്സവം, വേലവരവ്, കുട്ടികളുടെ വേനൽമഴ ക്യാമ്പ്, കാർന്നോര് കൂട്ടം തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികൾ നടക്കും. 2003 മുതൽ ഗ്രാമികയുടെ വാർഷികത്തോടനുബന്ധിച്ച് ദേശക്കാഴ്ച എന്ന പേരിൽ നടന്നുവരുന്ന കലാ, സാംസ്‌കാരികോത്സവം കഴിഞ്ഞ വർഷം മുതലാണ് പഞ്ചായത്തുമായി ചേർന്ന് സംഘടിപ്പിക്കുന്നത്. സംഘാടക സമിതി രൂപീകരണ യോഗം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. ജോജോ അദ്ധ്യക്ഷനായി. പി.കെ. കിട്ടൻ, രതി സുരേഷ്, ഷൈനി തിലകൻ, മിനി പോളി, ടി.വി. ഷാജു, ഓമന ജോർജ്, വി.കെ. ശ്രീധരൻ, ബാബു പിതോമസ്, കെ.സി. ഹരിദാസ്, ഇ.കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു. കെ.ആർ. ജോജോ ചെയർമാനും പി.കെ. കിട്ടൻ ജനറൽ കൺവീനറും എൻ.പി. ഷിന്റോ ട്രഷററുമായി 101 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്.