1

തൃശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയരവേ, സ്വതന്ത്രനടക്കം രണ്ടു പേരുടെ പിന്തുണയോടെ തൃശൂർ കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാൻ കോൺഗ്രസ് നീക്കം ശക്തം. 55 അംഗ കൗൺസിലിൽ 25 അംഗങ്ങളുള്ള എൽ.ഡി.എഫ് ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് ഭരണം നിലനിറുത്തുന്നത്.


കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വിമതനായി മത്സരിച്ച് ജയിച്ച എം.കെ.വർഗീസിനെ വീണ്ടും പാളയത്തിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മേയർ തുടരുന്നതടക്കമുള്ള വാഗ്ദാനം നൽകിയിട്ടും എം.കെ.വർഗീസ് അടുത്തിട്ടില്ല. സ്വതന്ത്രനായ സി.പി.പോളി അടക്കമുള്ള രണ്ട് കൗൺസിലർമാർ യു.ഡി.എഫിലെത്തുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ. സി.പി.ഐയിൽ നിന്ന് പോലും ആളെത്തുമെന്ന അവകാശവാദവും പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ ഉയർത്തുന്നു. എൽ.ഡി.എഫിൽ നിന്ന് വരുന്നവർ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനം വേണമെന്നാണ് ആവശ്യപ്പെട്ടത്.

കോൺഗ്രസിലും മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾക്ക് കുപ്പായം തുന്നിയവർ നിരവധിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി കെ.മുരളീധരനെത്തിയതോടെയാണ് പുതിയ നീക്കത്തിന് ജീവൻ വച്ചത്. കെ.മുരളീധരനുമായി മുൻ കോൺഗ്രസ് നേതാവ് കൂടിയായ മേയർ എം.കെ.വർഗീസിന് അടുപ്പമുണ്ട്. എന്നാൽ ഭരണമാറ്റത്തിനില്ലെന്ന് മേയർ വ്യക്തമാക്കി. കൗൺസിലിൽ പ്രതിപക്ഷമായ കോൺഗ്രസും ബി.ജെ.പിയും ഒന്നിച്ചാൽ ഭരണ പക്ഷം ന്യൂനപക്ഷമാകും. അതിനാൽ വോട്ടിംഗ് ആവശ്യപ്പെടുമ്പോളെല്ലാം കൗൺസിൽ പിരിച്ചുവിട്ട് തടിതപ്പുകയാണ് മേയർ ചെയ്യുക.

ഭരണപക്ഷം വിയർക്കുന്നു

ലോറികളിൽ കുടിവെള്ളം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഒരു കോടിയുടെ നഷ്ടം വരുത്തിയെന്ന കേസിൽ ഡെപ്യൂട്ടി മേയർ എം.എൽ.റോസി

ക്കെതിരെ ഓബുഡ്‌സ്മാൻ പിഴ വിധിച്ചിരുന്നു. ഇതോടെ പ്രതിപക്ഷം റോസിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഡെപ്യൂട്ടി മേയർ രാജിവച്ചേക്കാമെന്നും കരുതുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി ചോദ്യം ചെയ്ത കൗൺസിലർ അനൂപ് ഡേവിസ് കാട സജീവമായി പ്രവർത്തനരംഗത്തില്ലാത്തതും ഗുണം ചെയ്യുമെന്നും കോൺഗ്രസ് കരുതുന്നു. രണ്ട് വർഷത്തിന് ശേഷം മേയർ സ്ഥാനം ഒഴിയാമെന്ന ധാരണയിലാണ് എം.കെ.വർഗീസിനെ മേയറാക്കിയത്. എന്നാൽ രാജി ആവശ്യപ്പെടാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ. സി.പി.ഐക്ക് അവകാശപ്പെട്ടതാണെങ്കിലും അവർക്കുള്ളിലെ അധികാര തർക്കം മൂലം സ്വതന്ത്രയായ എം.എൽ.റോസിക്ക് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകുകയായിരുന്നു. ഭരണപക്ഷാംഗമായ ഷീബ ബാബുവിനും സി.എം.പിയിൽ നിന്നെത്തിയ സുകുമാരനും നിലവിലെ ഭരണത്തോട് അതൃപ്തിയുണ്ടെന്നാണ് വിവരം.


അഞ്ച് വർഷം മേയർ സ്ഥാനത്ത് ഞാൻ തുടരും. ആരും കോൺഗ്രസിലേക്ക് മടങ്ങിപ്പോകില്ല. മുരളീധരനുമായി ചർച്ച നടത്തിയിട്ടില്ല. എൽ.ഡി.എഫിൽ സ്വാതന്ത്ര്യം ഉണ്ട്.

എം.കെ.വർഗീസ്

മേയർ.

കക്ഷിനില

ആകെ സീറ്റ് 55
എൽ.ഡി.എഫ് 25
യു.ഡി.എഫ് 24
ബി.ജെ.പി 6.