തൃശൂർ: പടിഞ്ഞാറൻമേഖലയുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്ന കോൾമാട് സ്ലൂയിസ് കം ബ്രിഡ്ജ് പദ്ധതി താമസമില്ലാതെ നടപ്പാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. മൂന്നു മാസത്തിനകം പദ്ധതിയുടെ രൂപരേഖയും എസ്റ്റിമേറ്റും സമർപ്പിക്കാൻ ഇറിഗേഷൻ ചീഫ് എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് കോടതി നിർദേശം നൽകി. മൂന്ന് പതിറ്റാണ്ടിലധികമായുള്ള, ജില്ലയുടെ പടിഞ്ഞാറൻമേഖലയുടെ കുടിവെള്ളപ്രശ്‌നത്തിലെ സർക്കാർതലത്തിലുള്ള നിസ്സംഗത ചൂണ്ടിക്കാട്ടി കെ.പി.സി.സി. സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്തും പിന്നീടു വന്ന എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തും 10 കോടിയോളം രൂപ വകയിരുത്തിയിരുന്നു. എന്നാൽ പ്രവർത്തനം നടത്താത്തതിനാൽ പദ്ധതി നഷ്ടമായി. കോൾമാട് സ്‌കൂയിസ് കം ബ്രിഡ്ജ് പദ്ധതി യാഥാർഥ്യമായാൽ ആറ് പഞ്ചായത്തുകളുടെ ശുദ്ധജലക്ഷാമം പരിഹരിക്കാനാകും. നേരത്തേ ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ പദ്ധതിയിൽ അടിയന്തരനടപടിക്ക് നിർദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. ഷാജി ജെ. കോടങ്കണ്ടത്തും മണലൂർ പഞ്ചായത്ത് മുൻ മെമ്പർ റോബിൻ വടക്കേത്തലയും ചേർന്നാണ് കോടതിയെ സമീപിച്ചത്. നിർദേശങ്ങളിൽ ലംഘനമുണ്ടായാൽ കോടതിയെ സമീപിക്കാൻ ഹർജിക്കാരോട് കോടതി നിർദേശിച്ചിട്ടുണ്ട്.

കുടിവെള്ളക്ഷാമത്തിന്
ശാശ്വതപരിഹാരം

മണലൂർ, വാടാനപ്പിള്ളി, എങ്ങണ്ടിയൂർ, വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി പഞ്ചായത്തുകളിലെയും ഗുരുവായൂർ, ചാവക്കാട് മുനിസിപ്പൽ പ്രദേശങ്ങളിലെയും കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരമാണ് കോൾമാട് സ്‌കൂയിസ് കം ബ്രിഡ്ജ് പദ്ധതി.
എനാമാവ് റഗുലേറ്ററിൽനിന്ന് നാലു കിലോമീറ്റർ മാറി പാലാഴിയെയും കോൾമാടിനെയും ബന്ധിപ്പിച്ച് കോൾമാട് വഴി സ്‌കൂയിസ് കം ബ്രിഡ്ജ് സ്ഥാപിക്കുന്നതാണ് പദ്ധതി.