തൃശൂർ: തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ മതതീവ്രവാദ സംഘടനകളുടെ സ്‌പോൺസേർഡ് സ്ഥാനാർത്ഥിയാണെന്ന് എൻ.ഡി.എ വൈസ് ചെയർമാൻ പി.കെ.കൃഷ്ണദാസ്. തൃശൂരിലെയും വടകരയിലെയും യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയത്തിന് പിന്നിൽ യു.ഡി.എഫും തീവ്രവാദ സംഘടനകളും തമ്മിലുണ്ടാക്കിയ ചർച്ചയും അതിന്റെ അടിസ്ഥാനത്തിലുള്ള തിരക്കഥയുമാണ്.
നേമത്ത് ബി.ജെ.പിയെ തോൽപ്പിക്കുക എന്നത് എൽ.ഡി.എഫിനും യു.ഡി.എഫിനും അപ്പുറത്ത് തീവ്രവാദ സംഘടനകളുടെ ആഗ്രഹമായിരുന്നു. അതിനായി അവരാണ് മുരളീധരനെ നേമത്ത് സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ പകൽവെളിച്ചത്തിൽ തീവ്രവാദ സംഘടനകൾ കെ.മുരളീധരനും രാത്രി എൽ.ഡി.എഫിനുമായി പ്രവർത്തിച്ചു. തിരഞ്ഞെടുപ്പിൽ വോട്ട് മുഴുവൻ എൽ.ഡി.എഫിന് കൊടുത്തു. ഒപ്പം മുരളീധരനെ തോൽപ്പിച്ചു. അതേപോലെ ബി.ജെ.പിയെ തോൽപ്പിക്കാൻ എൽ.ഡി.എഫിനെ ജയിപ്പിച്ചത് ഇവിടെയും ആവർത്തിക്കുമെന്നാണ് മുരളീധരൻ കരുതുന്നത്. ജയിക്കാനല്ല, ബി.ജെ.പിയെ തോൽപ്പിക്കാനാണ് മുരളീധരൻ ഇവിടെ വന്നത്. അത് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അജൻഡ തീവ്രവാദ സംഘടനകളുടേതാണ്. ചക്ക വീണ് മുയൽ ഒരു തവണ ചത്തിട്ടുണ്ടാകും. നേമത്ത് അതു സംഭവിച്ചു. ചക്ക വീഴുമ്പോൾ എപ്പോഴും മുയൽ ചാകണമെന്നില്ല. എൽ.ഡി.എഫും യു.ഡി.എഫും തീവ്രവാദ സംഘടനകളുമായുള്ള അവിശുദ്ധ സഖ്യം പുറത്തായെന്നും കൃഷ്ണദാസ് പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.