പാവറട്ടി : കടുത്ത വേനലിൽ പക്ഷികൾക്ക് വെള്ളം കുടിക്കാനും കുളിക്കാനും സൗകര്യം ഒരുക്കി അദ്ധ്യാപകൻ. മറ്റം സെന്റ് ഫ്രാൻസീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപകനായ മേജർ പി.ജെ.സ്റ്റൈജുവാണ് ഈ പദ്ധതിയുടെ ഉപജ്ഞാതാവ്. ജില്ലയിലെ ഇരുപത്തി അഞ്ചോളം പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രൈമറി വിദ്യാലയങ്ങളിലാണ് പക്ഷികൾക്കായി പാന സ്‌നാന പാത്ര വിതരണം നടത്തുന്നത്. ലഹരിക്കെതിരെ പുസ്തക ചങ്ങാത്ത പദ്ധതി വഴി ജില്ലയിലെ 96 വിദ്യാലയങ്ങളിൽ ഏകദേശം 4000 ത്തോളം പുസ്തകങ്ങൾ സ്റ്റൈജുവിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തിരുന്നു. 24 കേരള ബറ്റാലിയനിലെ മേജർ റാങ്കിലുള്ള എൻ.സി.സി ഓഫീസറാണ് സ്റ്റൈജു. വരും ദിവസങ്ങളിൽ മറ്റു വിദ്യാലയങ്ങളിലും പാന സ്‌നാന പാത്ര വിതരണം നടത്തപ്പെടുമെന്ന് സ്റ്റൈജു അറിയിച്ചു.പക്ഷികൾക്കായുള്ള പാന സ്‌നാന പാത്ര വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുതുശ്ശേരി സെന്റ് ഫ്രാൻസിസ് എൽ.പി സ്‌കൂളിൽ നടന്നു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് ഉദ്ഘാടനം നിർവ്വഹിച്ചു. പുതുശ്ശേരി സെന്റ് ഫ്രാൻസിസ് എൽ.പി. സ്‌കൂൾ പ്രധാന അദ്ധ്യാപകൻ ഫ്രാൻസിസ് കെജോസഫ് അദ്ധ്യക്ഷത വഹിച്ചു.