strike
കൊരട്ടി-പൊങ്ങത്ത് നടന്ന റോഡ് ഉപരോധം

പൊങ്ങത്ത് ദേശീയപാത ഉപരോധം

ചാലക്കുടി: ദേശീയ പാതയിലെ ചിറങ്ങര മുതൽ പൊങ്ങം വരെയുള്ള ഭാഗത്തെ റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ നേതൃത്വത്തിൽ ഉപരോധ സമരം നടത്തി.ചിറങ്ങര ജംഗ്ഷനിലായിരുന്നു എം.എൽ.എ സനീഷ് കുമാർ ജോസഫ് നയിച്ച കോൺഗ്രസ് പ്രവർത്തകരുടെ ദേശീയപാത ഉപരോധം. റോഡിൽ കുത്തിയിരുന്ന് സമരം നടത്തിയതിന് എം.എൽ.എ അടക്കം 10 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എം.എൽ.എ സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ജോർജ് പയ്യപ്പിള്ളി, മനേഷ് സെബാസ്റ്റ്യൻ, എം.എ. രാമകൃഷ്ണൻ, ജോർജ്ജ് പയ്യപ്പിള്ളി, ചാക്കപപ്പൻ പോൾ തുടങ്ങിയവർ പ്രസംഗിച്ചു.

അപകടക്കെണിയായി ചാലു റോഡുകൾ


ചാലക്കുടി: ദേശീയ പാതയിലെ ചിറങ്ങര മുതൽ പൊങ്ങം വരെയുള്ള ഭാഗത്ത് റോഡിൽ അപകടക്കെണി ഒളിഞ്ഞിരിക്കുന്നു. റോഡിൽ ചാലുകൾ രൂപപ്പെടുന്ന പ്രതിഭാസമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. റോഡ് നീളത്തിൽ കുഴിഞ്ഞ് ഒരു വശം ഉയർന്ന് പൊങ്ങി നിൽക്കുകയാണ് ഈ പ്രദേശങ്ങളിൽ. നിർമ്മാണത്തിലെ അപാകതയാണ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന് ആരോപണം ഉയരുമ്പോഴും പരിഹാര നടപടിക്ക് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. എൻ.എച്ച് 544 ലൂടെ നിരവധി ടോറസ് ലോറികളാണ് കടന്നുപോകുന്നത്. ഭാരമുള്ള വാഹനങ്ങൾ പൊങ്ങി നിൽക്കുന്ന ഭാഗത്തുകൂടി കയറിയാൽ ഒരു വശത്തേയ്ക്ക് ചെരിയാനുള്ള സാധ്യത കൂടുതലാണ്. ഈ രീതിയിൽ വാഹനങ്ങൾ തെന്നിമാറുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കൂടാതെ ഈ ഭാഗത്ത് ഇരു ചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. വേഗതയിലെത്തുന്ന വാഹനങ്ങൾ ഈ ഭാഗത്ത് കയറിയാൽ നിയന്ത്രണം നഷ്ടമാകും.