തൃശൂർ: വെള്ളമില്ലാത്തതിനാൽ അടാട്ട്, തോളൂർ, അയ്യന്തോൾ കോൾ മേഖലയിലെ 2,500 ഹെക്ടർ നെൽക്കൃഷി പ്രതിസന്ധിയിൽ. കർഷകരുടെ പ്രശ്‌നം മനസിലാക്കിയ പി.ബാലചന്ദ്രൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് രണ്ട് ദിവസത്തിനകം വെള്ളമെത്തിക്കാൻ തീരുമാനം.

കനാൽ വഴി ജലസേചനത്തിന് സാധിച്ചില്ലെങ്കിൽ മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്ത് വെള്ളം ലഭ്യമാക്കാനാണ് തീരുമാനമായത്. ഇന്നലെ ചെമ്പൂക്കാവ് ഇറിഗേഷൻ ഓഫീസിൽ ജില്ലാ കോൾകർഷക സംഘം പ്രതിഷേധിച്ചതിനെ തുടർന്ന് എം.എൽ.എ ഇടപെടുകയായിരുന്നു. എ.ഇ.ഇ ജയരാജുമായി എം.എൽ.എ ചർച്ച നടത്തിയപ്പോൾ കോടന്നൂർ ശാസ്താംകടവ് വരെയാണ് വെള്ളമെത്തിയതെന്ന് അറിഞ്ഞു.

എന്നാൽ കോടന്നൂരിൽ നിന്ന് അയ്യന്തോൾ, തോളൂർ, അടാട്ട് മേഖലകളിലേക്ക് ആറ് കിലോമീറ്റർ ദൂരമുണ്ട്. ഇവിടം കുളവാഴകളും ചണ്ടികളും നിറഞ്ഞതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടെന്ന് ഇറിഗേഷൻ അധികൃതർ പറയുന്നു. തുടർന്ന് എം.എൽ.എ ജില്ലാ കൃഷി ഓഫീസറെ വിളിച്ചുവരുത്തി അടിയന്തരമായി ഇടപെടുന്നതിന് നിർദ്ദേശം നൽകി. സംഭവം കൃഷിമന്ത്രിയെ അറിയിച്ചു. രണ്ട് ദിവസത്തിനകം ജലവിതരണം നടത്തണമെന്നാണ് ഇറിഗേഷൻ വകുപ്പിന് ലഭിച്ച നിർദ്ദേശം. കനാൽ വഴി ജലസേചനം നടത്താനായില്ലെങ്കിൽ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് മോട്ടോറിൽ വെള്ളം പമ്പ് ചെയ്‌തെത്തിക്കാനാണ് നിലവിലെ തീരുമാനം. കഴിഞ്ഞവർഷം ഡിസംബർ അവസാനത്തോടെയാണ് കോൾപ്പടവുകളിൽ കൃഷിയിറക്കിയത്. ഇപ്പോൾ 74 ദിവസം പ്രായമായ നെല്ലുകൾ കതിരിടുന്ന ഘട്ടത്തിലാണ്. ഈ സാഹചര്യത്തിൽ കനാലിൽ നിന്ന് വെള്ളം ലഭിക്കാത്തതും കഠിനമായ ചൂടും വരൾച്ചയും കൃഷിയെ പ്രതിസന്ധിയിലാക്കി. നിലവിൽ 14 ദിവസമായി പടവുകളിൽ വെള്ളമെത്തിയിട്ട്. വെള്ളം ലഭിക്കാതെ വന്നാൽ ശരിയായ വിളവ് ലഭിക്കാത്ത അവസ്ഥ വരുമെന്ന് കോൾ കർഷക സംഘം പറയുന്നു. ജില്ലാ കോൾ കർഷക സംഘം സെക്രട്ടറി കൊളങ്ങാട്ട് ഗോപിനാഥ്, അടാട്ട് നെല്ലുമുറി പാടശേഖരം കൺവീനർ സുധീർ തുടങ്ങിയവർ പങ്കെടുത്തു.