തൃശൂർ: ത്രികോണ മത്സരം നടക്കുന്ന തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ അടിയൊഴുക്കിൽ പ്രതീക്ഷ വയ്ക്കുകയാണ് മുന്നണികൾ. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പിയെ പഴിക്കുന്ന കോൺഗ്രസും എൽ.ഡി.എഫും ഒരു ഭാഗത്ത്. അതേസമയം ഇടത് - വലത് മുന്നണികൾ തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുകയാണെന്ന ആക്ഷേപവുമായി ബി.ജെ.പിയും മറുഭാഗത്തുണ്ട്. തീരദേശ വോട്ടുകളും നഗരകേന്ദ്രീകൃത മദ്ധ്യവർഗ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും നിർണായകമാകുന്ന തിരഞ്ഞെടുപ്പിൽ അടിയൊഴുക്ക് എങ്ങോട്ടെന്നറിയാതെ ഉഴലുകയാണ് പാർട്ടികൾ.
പത്മജയുടെ പാർട്ടി പ്രവേശനവും പ്രധാനമന്ത്രിയുടെ തൃശൂരിലേക്കുള്ള വരവും ഗുണമാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. കൂടെ എം.പിയെന്ന നിലയിലും വ്യക്തിപരമായും പണം ചെലവഴിച്ചത് മണ്ഡലത്തിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയും എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കുണ്ട്. സി.എ.എ വിജ്ഞാപനത്തിന് പിന്നാലെ വർഗീയതയുടെ പേരിൽ ബി.ജെ.പിയെ ഒറ്റപ്പെടുത്തുന്ന തന്ത്രമാണ് മറ്റ് രണ്ട് മുന്നണികളും പയറ്റുന്നത്. മന്ത്രിയെന്ന നിലയിലും തീരദേശത്തെ മണ്ഡലങ്ങളിൽ നിന്ന് രണ്ട് വട്ടം എം.എൽ.എയായ അനുഭവവും വ്യക്തിബന്ധങ്ങളും ഗുണം ചെയ്യുമെന്നാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറിന്റെ വിശ്വാസം. ടി.എൻ. പ്രതാപൻ മത്സരത്തിൽ നിന്ന് പിൻവാങ്ങിയത് ഈ മേഖലയിൽ ഗുണം ചെയ്യുമെന്നും എൽ.ഡി.എഫ് കരുതുന്നു.
അതേസമയം, കെ. മുരളീധരന്റെ വരവ് പത്മജ ഫാക്ടർ പ്രവർത്തിക്കുമെങ്കിൽ, അതിനെ ഇല്ലാതാക്കുമെന്നാണ് കോൺഗ്രസിന്റെ വിശ്വാസം. കൂടാതെ സംഘടനാ വിഷയങ്ങൾ പരിഹരിക്കാനാകുമെന്നും സംഘടനയിലെ കൂട്ടായ്മ മുരളി ഊട്ടി ഉറപ്പിക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു. ലീഡറുടെ മകനെന്ന നിലയിലുള്ള വ്യക്തിബന്ധങ്ങൾ തുണയാകുമെന്നും നഗരകേന്ദ്രീകൃത മദ്ധ്യവർഗ വോട്ടുകളുടെ ചോർച്ച മുരളീധരൻ അടയ്ക്കുമെന്ന വിശ്വാസവും കോൺഗ്രസിനുണ്ട്. പത്മജ ബി.ജെ.പിയിൽ പോയതോടെ പ്രതിരോധത്തിലായ കോൺഗ്രസ് പതിയെ ട്രാക്കിലേക്ക് മടങ്ങുകയുമാണ്.
ഭയം നേമം മോഡലിനെ
അതേസമയം ഇടത്, വലത് മുന്നണികളുമായി ചങ്ങാത്തത്തിലുള്ള തീവ്രവാദ സംഘടനകൾ യു.ഡി.എഫിനെ സഹായിക്കുന്നുവെന്ന് നടിച്ച് വോട്ട് എൽ.ഡി.എഫിന് കൊടുക്കുമെന്ന് ബി.ജെ.പി ആരോപിക്കുന്നു. ജയിക്കാനല്ല, ബി.ജെ.പിയെ തോൽപ്പിക്കാനാണ് കെ. മുരളീധരൻ മത്സരിക്കുന്നതെന്ന് എൻ.ഡി.എ വൈസ് ചെയർമാൻ പി.കെ. കൃഷ്ണദാസ് ആരോപിച്ചിരുന്നു. നേമത്തെ മുരളീധരന്റെ സാന്നിദ്ധ്യം ജയം തട്ടിയകറ്റിയ അനുഭവം എൻ.ഡി.എയ്ക്കുണ്ട്. അതേസമയം ന്യൂനപക്ഷ വോട്ടുകൾ എങ്ങോട്ട് പോകുമെന്നതിനെ ചൊല്ലിയുള്ള ഭയം മൂന്ന് മുന്നണിക്കുമുണ്ട്. നേമം കഴിഞ്ഞ് വടകര വഴി തൃശൂരിൽ വന്നിറങ്ങുമ്പോൾ മുരളീധരന്റെ പഴയ പ്രതിച്ഛായ പാടെ മാറിയതിനാൽ ന്യൂനപക്ഷ വോട്ടിലെ ഭയം ഇടത് മുന്നണിക്കുമുണ്ട്. അതേസമയം സുരേഷ് ഗോപി പിടിച്ചേക്കാവുന്ന വോട്ടുകൾ, ഏത് ഭാഗത്ത് നിന്നാകുമെന്ന ആശങ്കയും ഇരുവിഭാഗത്തിനുമുണ്ട്.
കണ്ണുവയ്ക്കുന്നത് ഈ ഘടകങ്ങളിൽ
എൽ.ഡി.എഫ്
ചിട്ടയായ പ്രചാരണപ്രവർത്തനവും വ്യക്തിബന്ധങ്ങളും
തീരദേശമേഖലകളിൽ എം.എൽ.എയായിരുന്ന അനുഭവ പരിചയം
തൃശൂർ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട് കൃഷിമന്ത്രിയായത്
യു.ഡി.എഫ്
ലീഡറുടെ മകനെന്ന നിലയിൽ കെ. മുരളീധരന്റെ വ്യക്തിപ്രഭാവം
സംഘാടകനെന്ന നിലയിൽ ഗ്രൂപ്പുകൾക്ക് അതീതമായ മികവ്
നഗര കേന്ദ്രീകൃത വോട്ടുകൾ പിടിക്കാനുള്ള കഴിവ്
എൻ.ഡി.എ
എം.പിയെന്ന നിലയിലും മറ്റും നടത്തിയ വികസന ചാരിറ്റി പ്രവർത്തനങ്ങൾ
'തൃശൂർ മോഡൽ' വികസന വാഗ്ദാനവും കേന്ദ്രമന്ത്രിയാകുമെന്ന പ്രഖ്യാപനവും
പത്മജയിലൂടെ കൂടുതൽ സ്ത്രീവോട്ടുകളും വ്യക്തിപ്രഭാവവും.