തൃശൂർ: എൻ.ഡി.എ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ലെങ്കിലും ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ ഇടത്, വലത് മുന്നണികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറി. ബി.ജെ.പിക്കും കേന്ദ്രസർക്കാരിനും എതിരെയാണ് പ്രധാനമായും ഇടത് സ്ഥാനാർത്ഥി കൂടിയായ മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രചാരണം.
താഴെത്തട്ടിലുള്ള പ്രവർത്തനം അദ്ദേഹത്തിന് ആത്മവിശ്വാസം പകരുന്നുണ്ട്. മണ്ഡലം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. അതേസമയം സിറ്റിംഗ് എം.പി കോൺഗ്രസിലെ രമ്യ ഹരിദാസ് കേന്ദ്ര, സംസ്ഥാന സർക്കാരുകളെ ഒരു പോലെ വിമർശിക്കുന്നു. പറമ്പിക്കുളം അളിയാർ നദീജല കരാറിലെ വെള്ളം ലഭിക്കാത്തതിൽ സംസ്ഥാനത്തിന്റെ വീഴ്ച ഉൾപ്പെടെ അവർ പ്രചാരണായുധമാക്കുന്നു. ദേശമംഗലത്ത് എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാത്തതിനെതിരെ യു.ഡി.എഫ് പ്രവർത്തകർ കഴിഞ്ഞദിവസം സമരം നടത്തിയിരുന്നു. സ്ഥാപിച്ചവയുടെ ഉദ്ഘാടനം രമ്യ നിർവഹിച്ചു.
പാലക്കാട് നെന്മാറയിലായിരുന്നു മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രചാരണം. നെന്മാറ വേല കൊണ്ട് പ്രസിദ്ധമായ നാട്ടിൽ മുത്തുക്കുടകളുടെയും വാദ്യാഘോഷങ്ങളുടെയും തിരുവാതിരക്കളിയുടെയും അകമ്പടിയോടെയായിരുന്നു സ്വീകരണം. അയിലൂർ, എലവഞ്ചേരി തുഞ്ചൻ കോളേജ് എന്നിവിടങ്ങളിലും മറ്റും നിരവധി പേരെ സന്ദർശിച്ചു. കവി ഇയ്യങ്കോട് ശ്രീധരൻ ഉൾപ്പെടെ പ്രമുഖരെ വീട്ടിൽച്ചെന്ന് കണ്ടു.
കഴിഞ്ഞദിവസം കുന്നംകുളത്തായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ പ്രചാരണം. പ്രവർത്തകരടക്കം നിരവധി പേർ റോഡ് ഷോയിൽ പങ്കെടുത്തു. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനും പുരോഗമിക്കുന്നു. ഇന്നലെ ചിറ്റൂരിലായിരുന്നു കൺവെൻഷൻ. ഇന്ന് വൈകിട്ട് നാലിന് ചേലക്കര ബസ് സ്റ്റാൻഡ് ഓപ്പൺ ഓഡിറ്റോറിയത്തിൽ കൺവെൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
വർഗീയത മുതൽ കുടിവെള്ളം വരെ
എൽ.ഡി.എഫ് ഉന്നയിക്കുന്നവ
ബി.ജെ.പിയുടെ വർഗീയത
കേന്ദ്രസർക്കാരിന്റെ വിവേചനം
കോൺഗ്രസിന്റെ മൃദുഹിന്ദുത്വം
യു.ഡി.എഫ്
കേന്ദ്രസർക്കാരിന്റെ വർഗീയത
സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ
കാർഷിക, കുടിവെള്ള പ്രശ്‌നങ്ങൾ