അന്തിക്കാട്: മണലൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ നവീകരണ സഹസ്രകലശത്തിന് ഇന്ന് വൈകിട്ട് ആചാര്യവരണത്തോടെ ആരംഭം കുറിക്കും. കലശച്ചടങ്ങുകൾക്ക് എത്തിച്ചേരുന്ന ആചാര്യന്മാരെയും തന്ത്രിമാരേയും സഹകർമ്മികളേയും താലം, നാദസ്വരം എന്നിവയോടെ ശ്രീ മൂലസ്ഥാനത്ത് നിന്നും സ്വീകരിക്കും. ക്ഷേത്രം തന്ത്രിമാരായ വടക്കേടത്ത് താമരപ്പിള്ളി ദാമോദരൻ നമ്പൂതിരി, കല്ലേലി താമരപ്പിള്ളി ദാമോദരൻ നമ്പൂതിരി, മേൽശാന്തി രാഘവേന്ദ്ര ആചാര്യ, പത്തോളം സഹകർമ്മികൾ കലശച്ചടങ്ങുകളിൽ പങ്കെടുക്കും.
ഇന്ന് വൈകിട്ട് 6ന് ചേരുന്ന കലാസാംസ്‌കാരിക സമ്മേളനം കേരള പൊലീസ് അക്കാഡമി അസി.ഡയറക്ടർ ഐശ്വര്യ ഡോംഗ്രേ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, ചലച്ചിത്ര താരം അപർണ മുരളി, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ. ടി.എം. സുന്ദർ മേനോൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് എന്നിവർ പങ്കെടുക്കും.
ഇന്നു മുതൽ 10 ദിവസങ്ങളിലായി ഭക്തിഗാനമേള, മാനസജപ ലഹരി, നൃത്തസന്ധ്യ, കുച്ചുപ്പിടി, കോമഡി ഷോ, 15 ഓളം ഗ്രൂപ്പുകളുടെ തിരുവാതിരക്കളി എന്നിവയുണ്ടാകും. ശാസ്താവിന് ബ്രഹ്മകലശപൂജ, കുംഭ കലശാഭിഷേകം സഹസ്ര കലശാഭിഷേകം എന്നിവ നവീകരണ കലശത്തിന്റെ ഭാഗമായി നടക്കും. 22ന് ദേവ പ്രതിഷ്ഠയും 25ന് നടതുറപ്പും തുടർന്നു നടക്കുന്ന പ്രസാദ ഊട്ടോടെ 11 ദിവസത്തെ കലശച്ചടങ്ങുകൾ സമാപിക്കും.