മാള : സ്കൂളിലെ ചോക്കും ബ്ലാക്ക് ബോർഡും ഡെസ്റ്ററുമെല്ലാം ഇനി പഴങ്കഥ. ആ പഴഞ്ചൻ ക്ലാസ് മുറികളോടും വിട. അതേ, അന്നമനടയിലെ പൊതു വിദ്യാലയങ്ങൾ അടിമുടി മാറുകയാണ്. പഞ്ചായത്ത് പരിധിയിലുള്ള വിദ്യാലയങ്ങളിലെ ക്ലാസ് മുറികൾ ഇനി അടിമുടി സ്മാർട്ടാകും. സ്മാർട്ട് ക്ലാസ് മുറികളിലാകും ഇനി കുട്ടികളുടെ പഠനം.
വിദ്യാലയങ്ങളിൽ കുട്ടികളുടെ പഠനം കൂടുതൽ ആസ്വാദ്യകരവും ആധുനികവും ലളിതമാക്കുക എന്ന ഉദ്ദ്യേശത്തോടെ ആധുനികവും നൂതനവുമായ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുകയാണ് അന്നമനട പഞ്ചായത്ത്. അതിന്റെ ഭാഗമായി അന്നമനട ജി.യു.പി സ്കൂളിൽ മൂന്നും മേലഡൂർ ജി.എൽ.പി സ്കൂളിൽ രണ്ടും സ്മാർട്ട് ക്ലാസ് മുറികളാണ് ഒരുക്കിയിട്ടുള്ളത്. ഇന്ററാക്ടീവ് ബോർഡ്, മാഗസിൻ ബോർഡ്, ഓരോ കുട്ടിക്കും ഓരോ മേശയും ടേബിളും അടക്കമുള്ള ഉപകരണങ്ങൾ ക്ലാസ് മുറികളിൽ സജ്ജീകരിച്ചിട്ടുണ്ട്. ക്ലാസ് മുറികൾ പുനുരുദ്ധാരണം നടത്തി ഹൈടെക്കാക്കുന്നതിനായി 15 ലക്ഷം രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്. പാലക്കാട് ആർട്ട്കോ ലിമിറ്റഡാണ് പദ്ധതി നിർവഹണം നടത്തിയത്.
പദ്ധതിയുടെ ഉദ്ഘാടനം അന്നമനട ജി.യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സിന്ധു ജയൻ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ മഞ്ജു സതീശൻ, കെ.ഐ. ഇക്ബാൽ, ഒ.സി. രവി, കെ.എ. ബൈജു, ടി.വി. സുരേഷ്, ബി.പി.ഒ: സെബി, പ്രധാന അദ്ധ്യാപകൻ ശശി, പി.ടി.എ പ്രസിഡന്റ് കണ്ണൻ എന്നിവർ പങ്കെടുത്തു.
ബാല സൗഹൃദം ഈ പഞ്ചായത്ത്
പഞ്ചായത്തിലെ രണ്ട് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി മാതൃകാ പദ്ധതികൾ നടപ്പാക്കുന്ന അന്നമനട പഞ്ചായത്ത് ബാല സൗഹൃദ പഞ്ചായത്തായി മാറുന്നത് നിരവധി പദ്ധതികൾ നടപ്പാക്കിക്കൊണ്ടാണ്. ഒരു കുട്ടിയുടെ ജനനം മുതൽ 18 വയസ് തികയുന്നതു വരെയുള്ള കുട്ടികളുടെ ആരോഗ്യ, മാനസിക, കലാ, കായിക, വിദ്യാഭ്യാസ നിലവാരം, പശ്ചാത്തല സൗകര്യം എന്നിവ ഉയർത്തുന്നതടക്കമുള്ള ഏറെ ക്രിയാത്മകമായ പദ്ധതികളാണ് നടപ്പാക്കിവരുന്നത്.