ചാലക്കുടി; കനാൽ ബണ്ടിലെ മണ്ണെടുത്ത സംഭവത്തിൽ നഗരസഭ ചെയർമാനെതിരെ പൊലീസ് കേസെടുത്തു. ഇറിഗേഷൻ അസി.എൻജിനീയറുടെ പാരാതിയിലാണ് ചെയർമാൻ എബി ജോർജിനെതിരെ നടപടി. പോട്ട പനമ്പിള്ളി കോളേജിന് പിൻഭാഗത്തെ ഇടമലയാർ ഇറിഗേഷൻ പദ്ധതിയുടെ വതലതുകര കനാൽ ബണ്ടിലെ മണ്ണാണ് ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്ത്. അനുമതിയില്ലാതെ മണ്ണെടുക്കുകയും ഇറിഗേഷൻ വകുപ്പിന് 60,000 രൂപ നഷ്ടമുണ്ടാക്കിയെന്നും പരാതിയിൽ ആരോപിച്ചിരുന്നു. ബണ്ട് കോൺക്രീറ്റ് ചെയ്തതിന് താഴെ വർഷങ്ങളായി കിടക്കുന്ന മണ്ണ് ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തതോടെ കനാലിന്റെ സുരക്ഷയെ ബാധിച്ചിരുന്നു. കോൺക്രീറ്റ് ഇളകുകയും കനാലിൽ നിന്നും വെള്ളം പുറത്തേയ്ക്ക് ഒഴുകുകയും ചെയ്തു. പോട്ടയിലെ ചെയർമാന്റെ വാർഡിൽ കഴിഞ്ഞ മാർച്ച് 3 നായിരുന്നു സംഭവം. പോട്ടയിൽ നഗരസഭ മിനി ഹാൾ നിർമ്മിക്കുന്ന ഭൂമി നികത്തുന്നതിനാണ് ചെയർമാന്റെ നിർദ്ദേശപ്രകാരം കനാൽ ബണ്ടിൽ നിന്നും മണ്ണെടുത്തത്.