ചേലക്കര: കത്തുന്ന വെയിലാണ് ചുറ്റും. പക്ഷേ വാഴക്കോട് - പ്ലാഴി സംസ്ഥാനപാതയിലെ നാട്യൻ ചിറയിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ തെല്ലാശ്വാസമുണ്ട് ചൂടിന്. ഫൈബർ ഷീറ്റിട്ട് ഭംഗിയുള്ള കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഈയിടെയായി ആരും കയറില്ലായിരുന്നു. ആരെങ്കിലും കേറിയാലോ പെട്ടെന്ന് ഇറങ്ങിമാറും. അത്രയ്ക്കുണ്ടായിരുന്നു ചൂട്. ഇത് സ്ഥിരം കാഴ്ചയായതോടെ, സമീപത്തെ ഓട്ടോഡ്രൈവർമാർ തീരുമാനിച്ചു. കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂര ഓലമേഞ്ഞാലോ?. അങ്ങനെ അവരുടെ സൂത്രവിദ്യയിലാണ് കാത്തിരിപ്പ് കേന്ദ്രത്തിൽ ആള് കേറിത്തുടങ്ങിയത്.
പ്രളയ പുനർനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം കഴിഞ്ഞതിനാൽ പുതുമോടിയിലാണ് വാഴക്കോട് പ്ലാഴി സംസ്ഥാനപാതയും വഴിനീളെ ഇതുപോലെ സ്ഥാപിച്ച കാത്തിരിപ്പ് കേന്ദ്രങ്ങളും. സമാനമാതൃകയിലാണ് എല്ലാം നിർമ്മിച്ചത്. റീബിൽഡ് കേരള പദ്ധതിയിൽപെടുത്തി 105 കോടിക്ക് പാത നിർമ്മിച്ചപ്പോൾ ഇതോടൊപ്പം പത്തിലേറെ കാത്തിരിപ്പ് കേന്ദ്രങ്ങളും നിർമ്മിച്ചു. പക്ഷേ ഇവിടെ വെയിലത്തും മഴയത്തും ഇരിക്കാൻ പറ്റില്ല. വേനലിൽ മേൽക്കൂരയിലെ ചൂട് അത്യുഷ്ണം ഉണ്ടാക്കും. മഴക്കാലത്ത് ചാറ്റൽവെള്ളം ഇരിപ്പിടങ്ങളെ നനയ്ക്കും.
കെ.എസ്.ടി.പിയുടെ മേൽനോട്ടത്തിൽ നിർമ്മാണം നടക്കുമ്പോൾ തന്നെ ന്യൂനതകൾ പലരും ചൂണ്ടിക്കാട്ടി. പക്ഷേ ചെവികൊണ്ടില്ല. നാട്യൻ ചിറയിലേത് ഓട്ടോ ഡ്രൈവർമാർ ചേർന്ന് ഓല മേഞ്ഞ് കൊടുത്തതിനാൽ ചൂടിന് താത്കാലിക ശമനമായി. 22 കിലോമീറ്റർ ദൂരത്തിൽ വാഴക്കോട് മുതൽ പ്ലാഴി വരെയുള്ള പലയിടങ്ങളിലും ഇതുപോലെ കാത്തിരിപ്പ് കേന്ദ്രമുണ്ട്. പലതും നോക്കുകുത്തിയായ അവസ്ഥയിലാണ്. ഓലമേഞ്ഞാലേ ആളു കേറൂ എന്ന അവസ്ഥയിലാണ് എല്ലാ കാത്തിരിപ്പ് കേന്ദ്രങ്ങളും