തൃശൂർ: തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും മഞ്ഞുമ്മൽ ബോയ്‌സിനൊപ്പം സിനിമ ആസ്വദിച്ച് സുനിൽ കുമാർ. മഞ്ഞുമ്മൽ ബോയ്‌സ് കാണാൻ തൃശൂർ ജോസ് തിയേറ്ററിൽ സെക്കൻഡ് ഷോയ്ക്കാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാറെത്തിയത്. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ കഥയ്ക്ക് കാരണക്കാരായ യഥാർത്ഥ മഞ്ഞുമ്മൽ ബോയ്‌സ് സുഭാഷും കുട്ടേട്ടനും അഭിലാഷും ഉൾപ്പെടെയുള്ള 12 പേർക്കൊപ്പം ഇരുന്നാണ് സുനിൽകുമാറും കുടുംബവും സിനിമ കണ്ടത്.
ഇടവേള സമയത്ത് മഞ്ഞുമ്മൽ ബോയ്‌സിനെ സുനിൽകുമാർ പൊന്നാട അണിയിച്ചു. തങ്ങൾക്കൊപ്പം സിനിമ കണ്ടുകൊണ്ടിരിക്കുന്നവർ യഥാർത്ഥത്തിലുള്ള മഞ്ഞുമ്മൽ ബോയ്‌സ് ആണെന്ന് തിരിച്ചറിഞ്ഞ പ്രേക്ഷകർ സെൽഫിക്കായും കൈകൊടുക്കാനും തിരക്കുകൂട്ടി. എല്ലാവർക്കും കൈകൊടുത്തും കുശലം പറഞ്ഞും സെൽഫിക്ക് പോസ് ചെയ്തും സുനിലും മഞ്ഞുമ്മൽ ബോയ്‌സും തിയേറ്റർ പരിസരം സജീവമാക്കി. തുടർന്ന് സ്ഥാനാർത്ഥി സിനിമയെക്കുറിച്ചും മഞ്ഞുമ്മൽ ബോയ്‌സ് കഥാപരിസരത്തെ കുറിച്ചും ഹ്രസ്വവിവരണം നടത്തി. സുനിൽകുമാറിനോടൊപ്പം അമ്മ പ്രേമാവതി, ഭാര്യ രേഖ, മകൻ നിരഞ്ജൻ കൃഷ്ണ, സഹോദരൻ സന്തോഷ് കുമാർ, സഹോദരന്റെ ഭാര്യ സുഷ, സഹോദരപുത്രി ഉണ്ണിമായ.വി.എസ്, സഹോദരി അജിത എന്നിവരും തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളും അടക്കം നിരവധി പേർ സിനിമ കാണാനെത്തി.
സിനിമയുടെ അണിയറ പ്രവർത്തകരെ, കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളെ, യഥാർത്ഥ മഞ്ഞുമ്മൽ ബോയ്‌സിനെ, സർവോപരി ചിത്രം നെഞ്ചേറ്റിയ പ്രേക്ഷക സമൂഹത്തെ അഭിനന്ദിക്കുന്നു.
വി.എസ്. സുനിൽകുമാർ