ചൂരക്കാട്ടുകര: ചൂരക്കാട്ടുകരയിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷം. വിവിധ ഭാഗങ്ങളിലായി ഒരാഴ്ചക്കുള്ളിൽ പലതവണയായി കാട്ടുപന്നികളെ കൂട്ടത്തോടെയും അല്ലാതെയും കണ്ടതായി നാട്ടുകാർ പറയുന്നു. കാട്ടുപന്നികൾ കൃഷി നാശവും ഉണ്ടാക്കിയിട്ടുണ്ട്. കാട്ടുപന്നി ശല്യം രൂക്ഷമായതിനെത്തുടർന്ന് നാട്ടുകാർ അടാട്ട് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. പരാതിപ്പെട്ടതനുസരിച്ച് പഞ്ചായത്ത് അടിയന്തിര ഭരണ സമിതി യോഗം ചേർന്നു. സത്വര നടപടികൾ എടുക്കുന്നതിന്റെ ഭാഗമായി ഫോറസ്റ്റ് അധികൃതരെ സമീപിക്കുവാൻ യോഗത്തിൽ തീരുമാനമായി. തോക്കുപയോഗിച്ച് വെടി വെയ്ക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാറിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഇരുചക്രവാഹനയാത്രക്കാർ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.