തൃശൂർ: കൃത്യമായ ആസൂത്രണമില്ലാതെ തിടുക്കപ്പെട്ട് റേഷൻ കാർഡ് മസ്റ്ററിംഗ് നടത്തുന്നത് ജനങ്ങൾക്ക് പീഡനമാകുന്നുവെന്ന് കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയേൽ. സെർവർ തകരാറിൽ വലയുന്നതിനിടെയാണ് റേഷൻ വാങ്ങുന്ന എല്ലാ കുടുംബാംഗങ്ങളും മസ്റ്ററിംഗ് നടത്തണമെന്ന് നിർദ്ദേശിച്ചിട്ടുള്ളത്. മസ്റ്ററിംഗ് നടത്താത്തവർക്ക് റേഷൻ അനുവദിക്കില്ലെന്ന കേന്ദ്രസർക്കാരിന്റെ ഭീഷണിയിലാണ് മൂന്ന് ദിവസം റേഷൻ വിതരണം നിറുത്തി മസ്റ്ററിംഗ് മാത്രമാക്കിയത്. രണ്ട് ദിവസം പിന്നിടുമ്പോഴും കൃത്യമായി മസ്റ്ററിംഗ് നടത്താനാകുന്നില്ല. സെർവർ തകരാറും, സെർവർ ആധാർ ലിങ്ക് ചെയ്യുന്ന യു.ഐ.എ.ഐ സെർവറുമായും കണക്ടാകുന്നില്ല. വെള്ളം പോലും കുടിക്കാനാകാതെ വൃദ്ധരും രോഗബാധിതരും മറ്റും റേഷൻകടകളിലെത്തി വലയുകയാണെന്നും ജോൺ ഡാനിയേൽ പറഞ്ഞു.