
തൃശൂർ : തിരഞ്ഞെടുപ്പ് തിയതിയിൽ തീരുമാനമായതോടെ, വോട്ട് തേടിയുള്ള സ്ഥാനാർത്ഥികളുടെ യാത്രയ്ക്ക് വേഗം കൂടും. ജനകീയ വിഷയങ്ങൾ ചർച്ചയാകുന്നതോടെ കടുത്തവേനലിൽ കുടിവെള്ള ക്ഷാമം പ്രധാനവിഷയമായി ഉയർന്നുവന്നേക്കും. ഡാമുകളിലെ ജലനിരപ്പ് അത്രയ്ക്ക് മോശം സ്ഥിതിയിലാണ്. കഴിഞ്ഞദിവസം കുടിവെള്ളത്തിനായി പീച്ചി, വാഴാനി, ചിമ്മിനി ഡാമിലെ ഷട്ടർ എതാനും ദിവസത്തേക്ക് തുറന്നിരുന്നു. കടുത്ത വേനലിൽ ഒന്നോ രണ്ടോ തവണ മാത്രം തുറക്കാനുള്ള വെള്ളമാണ് ഡാമിൽ ശേഷിക്കുന്നത്. വർഷങ്ങളായി നേരിടുന്ന കുടിവെള്ള വിഷയത്തിൽ ശാശ്വത പരിഹാരം കാണാത്ത നടപടികൾക്കെതിരെ പ്രതിഷേധവും ഉയർന്നേക്കും.
ജില്ലയിലെ ഡാമുകൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. കൃത്യമായ ഇടവേളകളിൽ കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനുമായി വെള്ളം തുറന്ന് വിടുന്നുണ്ടെങ്കിലും മറ്റ് പഞ്ചായത്തുകൾക്കാണ് ഇതിന്റെ ഗുണം. തെക്കുംകര പഞ്ചായത്തിലെ വാഴാനി ഡാം, പാണഞ്ചേരിയിൽ ഉൾപ്പെടുന്ന പീച്ചി, മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ പൂമല ഡാം എന്നിവിടങ്ങൾ ഉൾപ്പെടുന്ന പഞ്ചായത്തിലെല്ലാം രൂക്ഷമായ കുടിവെള്ള ക്ഷാമമാണ്.
തെക്കുംകരയ്ക്ക് ഗുണമില്ലാതെ വാഴാനി ഡാം
തെക്കുംകര പഞ്ചായത്തിൽ ഉൾപ്പെടുന്ന വാഴാനി ഡാമിൽ നിന്ന് വേനൽക്കാലമായാൽ വെള്ളം തുറന്ന് വിടാറുണ്ടെങ്കിലും പഞ്ചായത്തിലെ ജനങ്ങൾക്ക് പ്രയോജനമില്ല. വാഴാനിയിൽ നിന്ന് വേലൂർ വരെ വെള്ളം വിടുന്നുണ്ട്. വെള്ളം വിടുന്ന കനാലിലെ എല്ലാ ചീർപ്പുകളുടെയും പലകകൾ വരെ ഇറിഗഷൻ അധികൃതർ കൊണ്ടുപോകും. അതുകൊണ്ട് പമ്പിംഗ് നിറുത്തിയാൽ വെള്ളം കെട്ടി നിറുത്താൻ പോലും സാധിക്കുന്നില്ല. മുഴുവൻ വെള്ളവും ഒഴുകിപ്പോകുന്ന സ്ഥിതിയാണ്.
വ്യത്യസ്തമായി ചിമ്മിനി
അതേസമയം വരന്തരപ്പിള്ളി പഞ്ചായത്തിൽ ഉൾപ്പെടുന്ന ചിമ്മിനി ഡാമിന്റെ പ്രയോജനം വരന്തരപ്പിള്ളിക്കും തൊട്ടടുത്ത പഞ്ചായത്തുകൾക്കും ലഭിക്കുന്നുണ്ട്. തോട്ടുമുഖം പദ്ധതി അടക്കമുള്ള കുടിവെള്ള പദ്ധതികളിലൂടെയാണ് പ്രയോജനം ലഭിക്കുന്നത്. കോൾ മേഖലയിലേക്ക് കൃഷി ആവശ്യം ലക്ഷ്യമിട്ടാണ് ചിമ്മിനി ഡാം നിർമ്മിച്ചത്.
ശോഷിച്ച് ജലനിരപ്പ്
പീച്ചി 21 ശതമാനം
വാഴാനി 31 ശതമാനം
ചിമ്മിനി 31 ശതമാനം.