പാവറട്ടി: അടുക്കള മാലിന്യവും ജൈവ മാലിന്യവും സംസ്‌കരിച്ച് ജൈവ വളമാക്കി മാറ്റാൻ വൻ പദ്ധതിയുമായി മുല്ലശ്ശേരി പഞ്ചായത്ത്. ജനകീയ ആസൂത്രണ പദ്ധതി പ്രകാരം എല്ലാ വീടുകളിലും ബയോബിൻ വിതരണം ചെയ്യുകയാണ് ലക്ഷ്യം. 3080 രൂപ വിലയുള്ള ബയോ ബിൻ സബ്‌സിഡി നിരക്കിൽ 215 രൂപയ്ക്ക് ഗുണഭോക്താവിന് പഞ്ചായത്ത് നൽകും. 215 രൂപ അടച്ച് അപേക്ഷിക്കുന്ന എല്ലാ വീട്ടുകാർക്കും ബയോ ബിൻ നൽകുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

ബയോ ബിൻ വിതരണോദ്ഘാടനം മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീദേവി ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ഷീബ വേലായുധൻ, ക്ലമെന്റ് ഫ്രാൻസിസ്, വി.എം. മനീഷ്, ടി.ജി. പ്രവീൺ,രജിത എന്നിവർ സംസാരിച്ചു.

ബയോബിൻ പ്രവർത്തനം ഇങ്ങനെ

അടുക്കള പാഴ്‌വസ്തുക്കൾ നല്ല കമ്പോസ്റ്റ് വളമാക്കി മാറ്റാൻ കഴിയുന്ന മൂന്ന് തട്ടുകളായുള്ള എയറോബിക് ബിൻ ആണ് പഞ്ചായത്ത് സ്ഥാപിക്കുന്നത്. ഇതിന്റെ പ്രവർത്തനത്തിന് ഇനോക്കുലം ചേർത്ത ചകിരി ചോറ് (കമ്പോസ്റ്റ് മീഡിയം) ആണ് ഉപയോഗിക്കുന്നത്. 3 ബിന്നിലും 2 ഇഞ്ച് കനത്തിൽ ചകിരിച്ചോർ ഇനോക്കുലം ഇട്ടതിനു ശേഷം മൂന്നും സെറ്റ് ചെയ്ത് വയ്ക്കുക. മുകളിലെ ബിന്നിൽ മാലിന്യം വിതറുക. അതിനു മുകളിൽ ചകിരിച്ചോർ ഇനോക്കുലം വിതറുക ഒരോ ദിവസവും ഇതാവർത്തിക്കുക. ബിൻ നിറഞ്ഞു കഴിഞ്ഞാൽ അടി തട്ടിലേയ്ക്ക് വയ്ക്കുക. തുടർന്ന് അടുത്ത ബിന്നുകളിലും ഈ പ്രവർത്തനം ആവർത്തിക്കുക. മൂന്നു ബിന്നും നിറഞ്ഞു കഴിഞ്ഞാൽ ആദ്യ ബിന്നിലുള്ളത് കമ്പോസ്റ്റ് വളമാകും.