കൊടുങ്ങല്ലൂർ : ആളുകൾ കൂട്ടം കൂടി നിൽക്കുമ്പോഴുണ്ടാകുന്ന ഇന്റർനെറ്റ് കവറേജ് തകരാർ മൂലവും ഇ പോസ് മെഷീനിലെ സാങ്കേതിക തകരാർ മൂലവും റേഷൻ മസ്റ്ററിംഗിനെത്തുന്നവർ വലയുന്നു. മുൻഗണനാ വിഭാഗത്തിൽപ്പെട്ട കാർഡുടമകൾക്ക് മസ്റ്ററിംഗ് നിർബന്ധമാക്കിയതോടെ റേഷൻ കട വഴി ഭക്ഷ്യസാധനങ്ങൾ തുടർന്നും ലഭ്യമാകണമെന്ന ആഗ്രവുമായി നിരവധി പേരാണ് കനത്ത ചൂടിനെ അവഗണിച്ചും മസ്റ്ററിംഗിനായി എത്തുന്നത്. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെയാണ് മസ്റ്ററിംഗിന് ദിവസം നിശ്ചയിച്ചിട്ടുള്ളത്. റേഷൻ വ്യാപാരം നിറുത്തിവച്ചാണ് മസ്റ്ററിംഗ് നടത്തിവരുന്നത്. മസ്്റ്ററിംഗ് കേന്ദ്രങ്ങൾക്ക് മുമ്പിൽ ആളുകൾ കൂട്ടം നിൽക്കുന്നതോടെ ഇന്റർനെറ്റ് കവറേജ് ലഭിക്കാതെ ദുരിതമുണ്ടാകുകയാണ്. ഇതിനിടെ ഇ പോസ് മെഷീന്റെ പ്രവർത്തനം ഇടവിട്ട് തടസപ്പെടുന്നതും ദുരിതം വർദ്ധിപ്പിക്കുന്നു. മഞ്ഞ, പിങ്ക് കാർഡുകൾക്ക് മസ്റ്ററിംഗിന് ഒരുമിച്ച് സമയം നൽകിയതോടെ പ്രായമായവരും രോഗികളും കൈകുഞ്ഞുങ്ങളേന്തിയവരും ചെറിയ കുട്ടികളുമുള്ളവരും റംസാൻ വ്രതം നോൽക്കുന്നവരുമെല്ലാം അതിരാവിലെ തന്നെ റേഷൻ കടകളിലും ലൈസൻസി നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലും വരി നിൽക്കുകയാണ്. ഇന്നലെ മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രമാണ് മസ്റ്ററിംഗ് നടത്തുന്നുള്ളൂ എന്നറിഞ്ഞത് വരി നിന്ന് മണിക്കൂറുകൾ കഴിഞ്ഞ് മാത്രമാണ്.
മസ്റ്ററിംഗ് സംബന്ധമായ ഒരോ ദിവസത്തെയും അറിയിപ്പുകൾ വളരെ വൈകിയാണ് ലഭിക്കുന്നത് എന്നതിനാൽ ലൈസൻസികൾ കാർഡ് ഉടമകളെ അറിയിക്കുന്നതും താമസിക്കുന്നു. പിങ്ക് കാർഡുടമകളുടെ മസ്റ്ററിംഗ് കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. റേഷൻ കടകളിലൂടെ മാത്രം മസ്റ്ററിംഗ് മതിയെന്ന നിർദ്ദേശം തിരക്ക് വർദ്ധിപ്പിക്കുകയല്ലാതെ കുറയ്ക്കുന്നില്ല.
മസ്റ്ററിംഗിനായി ഒന്നിലധികം സെന്ററുകൾ തുടങ്ങി റേഷൻ ഗുണഭോക്താക്കളുടെ ദുരിതം കുറയ്ക്കണമെന്നും ഇ പോസ് മെഷീന്റെ സാങ്കേതിക തകരാറുകൾ പരിഹരിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.
മസ്റ്ററിംഗിനായി ഒന്നിലധികം സെന്ററുകൾ തുടങ്ങി റേഷൻ ഗുണഭോക്താക്കളുടെ ദുരിതം കുറയ്ക്കണം
- ബെന്നി കാവാലംകുഴി, ബഷീർ കൊല്ലത്തുവീട്ടിൽ
(എടവിലങ്ങ് മണ്ഡലം ലീഡർ സ്മൃതി കേന്ദ്രം)