തൃശൂർ: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രചാരണത്തിന് വമ്പൻ നിരയെ ഇറക്കാൻ മുന്നണികൾ. മൂന്നു മുന്നണിക്കും അഭിമാന പോരാട്ടമാണ് ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ. അതിനാൽ പ്രമുഖ നേതാക്കളെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ.
സിറ്റിംഗ് എം.പി: ടി.എൻ. പ്രതാപനെ മാറ്റി വടകരയിൽ നിന്ന് മുരളീധരനെ രംഗത്തിറക്കിയ യു.ഡി.എഫ്, രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജയുടെ പ്രചാരണത്തിനെത്തിയ പ്രിയങ്ക എത്തിയെങ്കിലും വാഹനത്തിൽ സ്ഥാനാർത്ഥിയെ കയറ്റിയില്ലെന്ന് ആരോപണം ഉയർന്നിരുന്നു. തൃശൂരിൽ പണ്ട് കെ. മുരളീധരന് ചില എതിർസ്വരങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇല്ലായെന്നത് യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നുണ്ട്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് പുറമേ ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, ഡി. രാജ എന്നിവർ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറിന്റെ പ്രചാരണത്തിനെത്തും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ ത്രികോണ മത്സരത്തിൽ ജയിച്ചുകയറിയത് പോലെ ലോക്‌സഭയിലും ആവർത്തിക്കാമെന്ന കണക്കൂകൂട്ടലിലാണ് എൽ.ഡി.എഫ്.
എൻ.ഡി.എ ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലമായ തൃശൂരിൽ സുരേഷ് ഗോപിക്കായി അമിത് ഷാ, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ, മറ്റ് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ പ്രമുഖ നേതാക്കൾ എത്തിയേക്കും. സുരേഷ് ഗോപിക്ക് അനുകൂല സാഹചര്യമാണ് ഇക്കുറിയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. അതിനാൽ ഏറ്റവും ശ്രദ്ധ കൊടുക്കണമെന്ന് സംസ്ഥാന നേതൃത്വത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
തൃശൂർ ലോക‌്സഭാ മണ്ഡലത്തിലെ മൂന്ന് സ്ഥാനാർത്ഥികളും രാവിലെ ഏഴ് മുതൽ ആരംഭിക്കുന്ന പ്രചാരണ പര്യടനം രാത്രി പത്തിനാണ് അവസാനിപ്പിക്കുന്നത്.