cleak
ക്വിക്ക് സെർവ് പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ : നഗരവാസികൾക്ക് വിവിധ സേവനങ്ങൾ ഒരുക്കാൻ നഗരസഭാ കുടുംബശ്രീയുടെ ക്വിക്ക് സെർവ് അർബൻ സർവീസ് ടീം തയ്യാർ. ജനങ്ങൾക്ക് ആവശ്യമായ വിവിധ സേവനങ്ങൾ നൽകുന്നതിന് സ്ത്രീകൾക്ക് പരിശീലനം നൽകി പ്രൊഫഷണൽ ടീം അംഗങ്ങളെ കുടുംബശ്രീ നൽകും. ഫോൺ ചെയ്ത് ആവശ്യപ്പെടുന്ന മുറയ്ക്ക് സേവനങ്ങൾ ലഭ്യമാക്കുകയാണ് ക്വിക്ക് സെർവ് പദ്ധതി. നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലത ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ വി.എസ്. ദിനൽ, മുൻ ചെയർമാൻ കെ.ആർ. ജൈത്രൻ, സെക്രട്ടറി എൻ.കെ. വൃജ, സി.ഡി. എസ് ചെയർപേഴ്‌സൺമാരായ ശ്രീദേവി തിലകൻ, ശാലിനി, നഗര ഉപജീവന മിഷൻ മാനേജർ ശാരിക എന്നിവർ പ്രസംഗിച്ചു.

ലക്ഷ്യം ലേബർ ബാങ്ക്

വീട്ടുപണി, പ്രസവ ശുശ്രൂഷ, രോഗി പരിചരണം, കാർ വാഷിംഗ് തുടങ്ങി ആവശ്യമായ വിവിധ സേവനങ്ങൾ ജനങ്ങൾക്ക് നൽകുന്നതിന് താത്പ്പര്യമുള്ള സ്ത്രീകൾക്ക് പരിശീലനം നൽകുകയും അങ്ങനെയുള്ള ലേബർമാരെ ആവശ്യപ്പെടുന്ന മുറയ്ക്ക് നൽകുകയും ചെയ്യുന്ന ഒരു ലേബർ ബാങ്ക് സംഘടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നഗരസഭാ പരിധിയിലെ 18 മുതൽ 35 വയസ് വരെ പ്രായപരിധിയിലുള്ളവർക്കാണ് പരിശീലനം നൽകുക.