ചാലക്കുടി: നഗരസഭാ ചെയർമാന്റേത് ഏകാധിപത്യ പ്രവർത്തനമാണെന്ന് ആരോപിച്ച് ഭരണപക്ഷ കൗൺസിലർ തത്സ്ഥാനം ഒഴിയാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പോട്ട സ്‌കൂൾ വാർഡ് കൗൺസിലർ വത്സൻ ചമ്പക്കരയാണ് ചെയർമാനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നതും ജനപ്രതിനിധി സ്ഥാനം ഒഴിയാൻ തയ്യാറെടുക്കുന്നതുമെന്നാണ് അറിവ്. വെള്ളിയാഴ്ച നടന്നത് ഉൾപ്പെടെ നാല് കൗൺസിൽ യോഗങ്ങളിൽ വത്സൻ ചമ്പക്കര പങ്കെടുത്തിട്ടില്ല. പഞ്ചായത്തീരാജ് നിയമപ്രകാരം മതിയായ കാരണമില്ലാതെ തുടർച്ചയായി മൂന്നു യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ കൗൺസിലർക്കെതിരെ നിയമ നടപടികൾ വന്നേക്കും. നാലാം യോഗത്തിൽ സെക്രട്ടറി ഇക്കാര്യം കൗൺസിലിനെ അറിയിച്ച് നടപടികളിലേക്ക് കടക്കണമെന്നാണ് ചട്ടം.
എന്നാൽ എന്ത് നടപടിയെടുത്താലും വിരോധമില്ലെന്ന നിലപാടിലാണ് പോട്ട സ്‌കൂൾ വാർഡ് കൗൺസിലർ. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച് പിന്നീട് കോൺഗ്രസിൽ ചേർന്ന വത്സൻ ചമ്പക്കരയ്ക്ക് കൗൺസിലിൽ എന്ത് നിലപാട് സ്വീകരിച്ചാലും കൂറുമാറ്റം പോലുള്ളവ ബാധകമാകില്ല. എന്നാൽ സ്വയം ഒഴിഞ്ഞുപോകലാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗങ്ങളിലും കൗൺസിലിലും അഭിപ്രായം തുറന്നുപറയുന്നതാണ് വത്സനെ ചെയർമാൻ അനിഷ്ടക്കാരനായി കാണുന്നതിന് പിന്നിലെത്രെ. പകപോക്കലിന്റെ ഭാഗമായി വാർഡിലെ 5 ലക്ഷം രൂപയുടെ പദ്ധതി ചെയർമാൻ എബി ജോർജ് വെട്ടിമാറ്റിയെന്നും ആരോപണമുണ്ട്. നഗരസഭയിൽ ഏറ്റവും കൂടുതൽ നികുതി പിരിച്ചെടുത്ത പോട്ട സ്‌കൂൾ വാർഡിന് പ്രഖ്യാപിച്ച പദ്ധതിത്തുകയാണ് ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടും അനുവദിക്കാതിരുന്നത്. ഇതെല്ലാം കൗൺസിലറെ രോഷാകുലനാക്കി. ചെയർമാനെതിരെ വലിയ വെളിപ്പെടുത്തലുകളും ഉടൻ കൗൺസിലറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് അറിയുന്നത്.