kudumbasree

വരവൂർ: വരവൂർ കുടുംബശ്രീ സി.ഡി.എസിന്റെ രചന വരശ്രീ പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.ബാബു, കുടുംബശ്രീ ചെയർപേഴ്‌സൺ വി.കെ.പുഷ്പയ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു. കാൽ നൂറ്റാണ്ട് കാലത്തെ ചരിത്രം കുടുംബശ്രീ അംഗങ്ങളിലൂടെ എഴുതി വരവൂർ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ രചനാ രൂപത്തിലാക്കിയിരിക്കുകയാണ് വരശ്രീയിലൂടെ.
25 അദ്ധ്യായങ്ങളും 134 പേജുമുള്ള ഈ പുസ്തകം അക്കാഡമിക്ക്, രചന കമ്മിറ്റികളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് പ്രസിദ്ധീകരിച്ചത്. കുടുംബശ്രീ ജില്ലാ ആർ.പി പി.എം.ബിന്ദു, സ്മിത ബാബു, കെ.പി.ബിന്ദു, റുഖിയ എന്നിവർ ചേർന്ന് പുസ്തകം എഴുതി തയ്യാറാക്കി. മെമ്പർ സെക്രട്ടറി എം.കെ.ആൽഫ്രെഡ് ഫോട്ടോഗ്രാഫിയും, സി.എസ്.അനിരുദ്ധൻ മുതുവറ കവർ പേജ് ഡിസൈനും നിർവഹിച്ചു.

2000 മുതൽ സ്വയം സഹായ സംഘങ്ങളായി പ്രവർത്തിച്ച്, 2024 വരെയുള്ള കുടുംബശ്രീ പ്രവർത്തനം, സമൂഹത്തിൽ സ്ത്രീ പദവി ഉയർത്തുന്നതിൽ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ ഇടപെടലും നേട്ടങ്ങളുമാണ് വരശ്രീയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കുടുംബശ്രീ സംഘടനാ സംവിധാന രൂപീകരണ ഘട്ടത്തിൽ അനുഭവിക്കേണ്ടിവന്ന വെല്ലുവിളികൾ 2008 ൽ പുറത്തിറങ്ങിയ ഏകീകൃത ബൈലോയും, ത്രിതല സംഘടനാ തിരഞ്ഞെടുപ്പും, ലഘു സമ്പാദ്യ വായ്പാ പ്രവർത്തനം, കാർഷിക മൃഗസംരക്ഷണ സംരംഭ വികസന പരിപാടികൾ, തൊഴിലുറപ്പ്, നൈപുണ്യ വികസന പരിശീലനം തുടങ്ങി കുടുംബശ്രീയുടെ തുടക്കം മുതൽ 2024 വരെയുള്ള കുടുംബശ്രീയുടെ വികസന പ്രവർത്തനം ഉൾപ്പെടുത്തിയാണ് രചന തയ്യാറാക്കിയത്.