tn-prathapan

തൃശൂർ: സീറ്റ് ഒഴിഞ്ഞ് കെ.മുരളീധരനു നൽകിയ ടി.എൻ.പ്രതാപൻ ഇപ്പോൾ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റാണ്. പാർട്ടി തീരുമാനത്തെ ശിരസാവഹിച്ചതിന് പിന്നാലെയാണ് പുതിയ പദവി തേടിയെത്തിയത്. കോൺഗ്രസ് സിറ്റിംഗ് എം.പിമാരിൽ ടി.എൻ.പ്രതാപനെ മാത്രമാണ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റിയത്. കെ.മുരളീധരനായി പ്രചാരണത്തിൽ സജീവമായ ടി.എൻ.പ്രതാപൻ കേരളകൗമുദിയോട് സംസാരിച്ചു.

?തൃശൂരിൽ മത്സരിക്കുമെന്ന് ഉറപ്പായ ശേഷം പെട്ടെന്നായിരുന്നു മാറ്റം. തൊട്ടുപിന്നാലെ പുതിയ ചുമതലയും കിട്ടി

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പായതിനാൽ തൃശൂർ പാർലമെന്റ് മണ്ഡലത്തിന്റെ ചുമതല വഹിക്കാനാണ് പാർട്ടി നിർദ്ദേശം. അതനുസരിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനം ക്രോഡീകരിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. മറ്റ് മണ്ഡലങ്ങളുടെ ചുമതല ലഭിച്ചാൽ അതും ചെയ്യും.

?സ്ഥാനലബ്ധി സീറ്റ് ഒഴിഞ്ഞുകൊടുത്തത് കൊണ്ടാണോ

തൃശൂരിർ സീറ്റ് ഒഴിഞ്ഞുകൊടുത്തതിന്റെ പ്രതിഫലമല്ല ഈ സ്ഥാനം. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗമായും എ.ഐ.സി.സി അംഗമായും പ്രവർത്തിച്ചുവരികയാണ്. അതിനിടയിൽ പുതിയ ചുമതല ലഭിച്ചെന്ന് മാത്രം. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തദ്ദേശതിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായുള്ള പ്രവർത്തനപരിപാടികൾ ആവിഷ്‌കരിക്കുന്ന ചുമതലയുമുണ്ട്.

?സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയത് പ്രചാരണത്തെ ബാധിച്ചോ

ഒരിക്കലുമില്ല. നിയോജകമണ്ഡലം കൺവെൻഷൻ പൂർത്തിയാക്കി കഴിഞ്ഞു. മണ്ഡലം കൺവെൻഷനും പൂർത്തിയാകുകയാണ്. ചൊവ്വാഴ്ചയ്ക്കു മുൻപ് ബൂത്തുതല തിരഞ്ഞെടുപ്പു കമ്മിറ്റികൾ രൂപീകരിക്കും. നേരത്തെ പ്രവർത്തനമാരംഭിച്ച എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികൾക്കൊപ്പം യു.ഡി.എഫ് എത്തിക്കഴിഞ്ഞു. കെ.മുരളീധരൻ തൃശൂരിലെത്തി ആറുദിവസം കൊണ്ട് പ്രവർത്തനം അതിവേഗം മുന്നിലെത്തി.

?പെട്ടെന്നുണ്ടായ പാർട്ടി തീരുമാനത്തിൽ വിഷമമുണ്ടോ

വളരെ സന്തോഷത്തോടെയാണ് ഞാൻ സ്വീകരിച്ചത്. എന്നും പാർട്ടി തീരുമാനത്തെ സ്വീകരിച്ചിട്ടേയുളളൂ, വിഷമം തോന്നിയിട്ടില്ല. കെ.മുരളീധരന്റെ വിജയത്തിനായി അദ്ദേഹത്തേക്കാൾ മുന്നിട്ട് പ്രവർത്തിക്കാനാണ് ശ്രമം.

?നിയമസഭയിലേക്ക് മത്സരിക്കാനാണ് താങ്കൾക്ക് താത്പര്യമെന്ന് പ്രചരിച്ചിരുന്നു

പാർട്ടിയുടെ താത്പര്യത്തിന് അനുസരിച്ചാണ് നിലകൊണ്ടിട്ടുള്ളത്. മൂന്നുതവണ നിയമസഭയിലേക്ക് മത്സരിക്കാൻ നിയോഗിച്ചു. പിന്നീട് പാർലമെന്റിലേക്ക് മത്സരിക്കാൻ പറഞ്ഞു. അതെല്ലാം സന്തോഷത്തോടെ സ്വീകരിച്ചു. ഇനി, കുഴി കുത്താനും പോസ്റ്റർ ഒട്ടിക്കാനും പറഞ്ഞാൽ അതും ചെയ്യും.