ചേലക്കര: ദാഹിക്കുന്നവർക്ക് ആശ്വാസമാകുകയാണ് പതിറ്റാണ്ടുകളായി ചേലക്കരയിലെ തണ്ണീർ പന്തൽ. ചേലക്കര സെന്ററിൽ എലിയപ്പറ്റ അന്തിമഹാകാളൻകാവിനോട് ചേർന്നുള്ള കുറുമല ഊരത്ത് മന്ത്രം കോട് കുടുംബക്കാരാണ് തണ്ണീർപന്തൽ ഒരുക്കിയത്. ദാഹമകറ്റാൻ നൂറ്റാണ്ടുകൾക്ക് മുമ്പ് ഊരത്ത് കുടുബക്കാർ ആരംഭിച്ച ഈ സേവനം തലമുറകൾ പിന്നിട്ടിട്ട് ഇപ്പോഴും മുടക്കമില്ലാതെ തുടരുകയാണ്. ഊരത്ത് തങ്കം മേനോന്റെ മകൻ ഡോക്ടർ അശോക മേനോനാണ് ഇപ്പോൾ ഈ സേവനം നടത്തുന്നത്. തണ്ണീർ പന്തലിന് മുമ്പിൽ ചുമടിറക്കാൻ അത്താണിയും നിർമ്മിച്ചിരുന്നു. ചുമടുമായി വരുന്ന കാൽനട യാത്രികരെ ഉദേശിച്ചാവാം ഇത് നിർമ്മിച്ചത്. എന്നാൽ ഒരു വർഷം മുമ്പ് റോഡ് വികസനത്തിനായി അത്താണി പൊളിച്ച് നീക്കിയിരുന്നു. തണ്ണീർപന്തലിന്റെ പ്രവർത്തനം മുടങ്ങാതെ ലഭ്യമാക്കുന്നതിനായ് നെൽപ്പാടം നീക്കി വെച്ചിരുന്നതായും പറയുന്നു. മകരം മാസം 28 മുതൽ എടവം 15 വരെയാണ് തണ്ണീൽ പന്തൽ സജീവമാകുന്നത്. ഞായറാഴ്ച ഒഴികെ എല്ലാദിവസവും രാവിലെ 9 .30 മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെയാണ് ഇവിടെ സംഭാരവും മറ്റും വിതരണം ചെയ്യുന്നത്. ഡ്രൈവർമാർ, തൊഴിലാളികൾ, യാത്രികരും സ്‌കൂൾ കുട്ടികളുമടക്കം നൂറ് കണക്കിന് ആളുകളാണ് ഇവിടെനിന്നും സംഭാരം കുടിച്ച് ദാഹമകറ്റുന്നത്.സംഭാരം ഉണ്ടാക്കുന്നതിനായ് ഡോ. അശോക മേനോൻ വീട്ടിൽ പശുകളെ വളർത്തി തൈര് ഉണ്ടാക്കുകയാണ്. നമ്പ്വാത്ത് ശാന്തമ്മയാണ് കുറുമലയുള്ള ഊരത്ത് തറവാട്ടിൽ നിന്നും തൈരുമായി ചേലക്കരയിലെത്തി സ്വാദിഷ്ടമായ സംഭാരം തയ്യാറാക്കി ജനങ്ങൾക്ക് നൽകുന്നത്.